വീണയുടെ കേസിന് സിപിഎം,മറുപടി പറയാന്‍ പാടുപെടും

Advertisement

തിരുവനന്തപുരം. എസ്എഫ്ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള എക്‌സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ പ്രതിരോധത്തിലായി സിപിഐഎമ്മും സർക്കാരും.രാഷ്ട്രീയപ്രേരിതമായ കേസിനെ നിയമപരമായി നേരിടുമെന്ന സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്താവനയെ ചോദ്യം ചെയ്‌തു പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.എസ്എഫ്ഐ ഒ റെയ്ഡിന് പിന്നാലെ ഭയന്നാണ് വീണ വിജയൻ കോടതിയെ സമീപിച്ചതെന്ന് ഷോൺ ജോർജ്ജും,കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന സി.പി.ഐ.എം വാദം പൊളിഞ്ഞുവെന്നു മാത്യു കുഴൽനാടനും പ്രതികരിച്ചു.

രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നപ്പോഴും
പിന്നാലെ എസ്എഫ്ഐ ഒ അന്വേഷണം ആരംഭിച്ചപ്പോഴും രാഷ്ട്രീയപ്രേരിതമായ നടപടിയെന്നായിരുന്നു സിപിഐഎമ്മിന്റെ ആക്ഷേപം.ഒടുവിൽ മാസപ്പടി വിവാദം വന്നതിനു ശേഷം മാത്രമാണ് സിഎംആർഎൽ ഖനന കരാർ റദ്ദാക്കിയതെന്ന് രേഖകൾ സഹിതം വിവരം പുറത്തു വന്നു.എസ്എഫ്ഐ ഒ അന്വേഷണം തടയണമെന്ന വീണ വിജയന്റെ ഹർജി കൂടി തള്ളിയതോടെ സിപിഐഎമ്മും സർക്കാരും മുഖ്യമന്ത്രിയും ഒരേ പോലെ പ്രതിസന്ധിയിലായി.ഒരിക്കലും രക്ഷപെടുന്ന കേസ് അല്ല എക്സലോജിക്കിന്റെതെന്നു പ്രതികരിച്ച കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു

അന്വേഷണം മുഖ്യമന്ത്രിയിലേക്കു നീങ്ങിയാൽ തെറ്റ് പറയാനാകില്ലെന്ന് മാത്യു കുഴൽനാടൻ.വീണ വിജയൻറെ അറസ്റ്റിലേക്ക് നീങ്ങിയാൽ മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ടി വരുമെന്ന് പരാതിക്കാരനായ ഷോൺ ജോർജ്ജ്.സിപിഐഎം ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരനും പ്രതികരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പ്രതിപക്ഷത്തിന് വീണു കിട്ടിയ അവസരമാണ്
ഹർജി തള്ളാനുള്ള കർണാടക ഹൈക്കോടതിയുടെ തീരുമാനം.അതേ സമയം വീണ വിജയനും എക്സലോജിക്കും തുടർനിയമ പോരാട്ടത്തിനൊരുങ്ങും.ഡിവിഷൻ ബെഞ്ചിനെയോ സുപ്രീം കോടതിയെയോ സമീപിക്കാനായിരിക്കും നീക്കം.

Advertisement