കല്‍പ്പറ്റ: വനം വകുപ്പിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് ഇന്ന് വയനാട്ടില്‍ ഉണ്ടായത്. വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ഒടുവില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു.
പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കുപ്പിയെറിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശിയത്. എംഎല്‍എമാരായ ടി സിദ്ദിഖിനേയും ഐസി ബാലകൃഷ്ണനെതിരേയും സ്ഥലത്ത് കൈയ്യേറ്റ ശ്രമമുണ്ടായി. മരിച്ച പോളിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ പാക്കേജിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ ജനങ്ങള്‍ ഇവര്‍ക്കെതിരെ വെള്ളക്കുപ്പികളും കസേരകളും എറിയുകയായിരുന്നു. പൊലീസെത്തിയാണ് ജനപ്രതിനിധികളെ സംഘര്‍ഷത്തിനിടയില്‍ നിന്നും രക്ഷപ്പെടുത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.