കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന തദ്ദേശദിനാഘോഷം പരിപാടി ജനങ്ങളുടെ ഉത്സവമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കെ ഐ പി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിട്ടുള്ള എക്‌സിബിഷനും കുടുംബശ്രീ കഫെയും ശ്രദ്ധേയമാണ്.
തദ്ദേശ ദിനാഘോഷ പരിപാടികള്‍ ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. രാവിലെ 9.45ന് കൊട്ടാരക്കര ജൂബിലി മന്ദിരം മെയിന്‍ ഹാളില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്നുചേരുന്ന സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മൃഗ സംരക്ഷണ ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയാകും . തുടര്‍ന്ന് അക്കാദമിക് സെക്ഷനുകളും നടക്കും.
നാളെ രാവിലെ 9ന് സുസ്ഥിരവികസനവും പ്രാദേശിക സര്‍ക്കാരും വിഷയത്തില്‍ സെമിനാര്‍ നടക്കും. രാവിലെ 11.30ന് സമാപന സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫിയും തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് പുലര്‍ത്തിയതിനുള്ള മഹാത്മാ പുരസ്‌കാരവും വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അധ്യക്ഷനാകും.മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ ബി ഗണേഷ് കുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും. തദ്ദേശ ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും.
തദ്ദേശ ദിനാഘോഷ സമാപന സമ്മേളനത്തിന് പുറമേ നാളെ കേരളത്തിലെ ആദ്യ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഐ.എച്ച്.ആര്‍.ഡി.യുടെ കൊട്ടാരക്കര എന്‍ജിനിയറിങ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.