ആലപ്പുഴ. കാട്ടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രജിത്ത് ആത്മഹത്യ സംഭവത്തിൽ സ്കൂളിനു മുന്നിലേക്ക് വ്യാപക പ്രതിഷേധം.കുട്ടിയുടെ ചിതാഭസ്മവുമായി നാട്ടുകാരും, അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരും ആണ് ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്.പോലീസ് സ്ഥാപിച്ച ബാരിക്കേടുകൾ മറികടന്ന് എസ്എഫ്ഐ പ്രവർത്തകർ സ്കൂളിനു മുന്നിലേക്ക് എത്താൻ ശ്രമിച്ചത് ചെറിയ സംഘർഷത്തിനും ഇടയാക്കി
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പ്രജിത്തിനെ സ്കൂളിലെ ജനലിനോട് ചേർത്തുനിർത്തിയശേഷം കായികാധ്യാപകൻ ചൂരലുകൊണ്ട് മർദ്ദിച്ചതിനു പിന്നാലെയാണ് വിദ്യാർത്ഥി വീട്ടിലെത്തി ജീവനൊടുക്കിയത്. സഹപാഠി തലകറങ്ങി വീണപ്പോൾ വെള്ളം നൽകാൻ പോയ വിദ്യാർത്ഥിയാണ് അധ്യാപകൻ മർദ്ദിച്ചത്. അധ്യാപകനെതിരെ വിദ്യാർഥികളുടെ മൊഴി ഉണ്ടായിട്ടും മണ്ണഞ്ചേരി പോലീസ് നിയമനടപടികൾ സ്വീകരിക്കാത്തതിനെതിരായാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കുട്ടിയുടെ ചിതാഭസ്മവുമായി നാട്ടുകാർ രാവിലെ സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സ്കൂളിനു മുന്നിൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. തൊട്ടുപിന്നാലെ പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐക്കാർ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന് സ്കൂളിനു മുന്നിലേക്ക് ഓടിയെത്തി. ഇതോടെ എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ വാക്കുതർക്കവും ഉണ്ടായി. സംഘര്‍ഷഭരിത അന്തരീക്ഷം ഇപ്പോഴും തുടരുകയാണ്.