കണ്ണൂര്‍ വേറേ ലവല്‍,എസ്എഫ്ഐയും ഗവര്‍ണറും പ്രതിഷേധിച്ചു, പൊലീസ് രണ്ടുപേരെയും സംരക്ഷിച്ചു നോ കേസ്, നോ അറസ്റ്റ്

Advertisement

കണ്ണൂർ. മട്ടന്നൂരിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഗവർണർ രോഷം പ്രകടിപ്പിച്ചു. സുരക്ഷാ വീഴ്ചയുണ്ടായെന്നും ഗവർണർ വിമർശിച്ചു.

തുടർച്ചയായ രണ്ടാം ദിവസമാണ് മട്ടന്നൂരിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ പ്രതിഷേധം. വയനാട് സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്എഫ്ഐ പ്രതിഷേധം. സ്ഥലത്ത് നേരത്തെ തന്നെ വൻ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഗവർണർ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചു. എന്നാൽ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തില്ല. പകരം ഇവർക്ക് ചുറ്റും പോലീസ് വലയം തീർത്തു. മൂന്നേ നാല്പതോടെ ഗവർണറുടെ വാഹന വ്യൂഹം മട്ടന്നൂർ നഗരത്തിലേക്ക്. ഇതോടെ പോലീസ് വലയം ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി ഗവർണറുടെ വാഹനത്തിന് നേരെ പാഞ്ഞടുത്തു.

വാഹനത്തിന് മുന്നിൽ കയറിയും പ്രവർത്തകരുടെ പ്രതിഷേധം. ഇതോടെ വാഹനം നിർത്തി ഗവർണർ പുറത്തിറങ്ങി. പോലീസിനും എസ്എഫ്ഐ പ്രവർത്തകർക്കും നേരെ ഗവർണറുടെ രോഷപ്രകടനം. എവിടെ പ്രതിഷേധിച്ചാലും പുറത്തിറങ്ങി നേരിടുമെന്ന് ഗവർണർ

വാഹനത്തിൽ കയറണമെന്ന് പോലീസ് അഭ്യർത്ഥിച്ചെങ്കിലും ഗവർണർ വഴങ്ങിയില്ല.

10 മിനിറ്റിനു ശേഷമാണ് ഗവർണർ വാഹനത്തിൽ കയറി വിമാനത്താവളത്തിലേക്ക് തിരിച്ചത്. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ ആരെയും പോലീസ് കസ്റ്റഡിയിൽ എടുത്തില്ല.