തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. കൃത്യമായ ചികിത്സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നയാസ് ഷമീറയെ നിര്‍ബന്ധിച്ചതായി പൊലീസ് വെളിപ്പെടുത്തി. ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരോട് നയാസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ഷമീറ ഇതിനു മുന്‍പ് രണ്ടു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയിരുന്നു. ഇതു രണ്ടും സിസേറിയനിലൂടെയായിരുന്നു. ഇതിനു പിന്നാലെ മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടെന്നും അക്യുപങ്ചര്‍ ചികിത്സ മതിയെന്നും ഭര്‍ത്താവ് നയാസാണ് തീരുമാനിച്ചതെന്നും പോലീസ് പറയുന്നു.
അതേസമയം, നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ ബീവിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളുടെ ആദ്യഭാര്യയിലെ മകള്‍ അക്യുപങ്ചര്‍ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറ ബീവിയുടെ പ്രസവസമയത്ത് ഈ മകളും സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ ഉള്‍പ്പെടെ പ്രസവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ബന്ധുക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നിലാണ് സംഭവം. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ മാസങ്ങളോളമായി ഇവര്‍ ഇവിടെ കഴിഞ്ഞുവരികയായിരുന്നു. പൂര്‍ണഗര്‍ഭിണിയായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആരോഗ്യ പ്രവര്‍ത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെയും വിവരമറിയിച്ചു. അവര്‍ ഇടപെട്ടെങ്കിലും ഇവര്‍ ആശുപത്രിയില്‍ പോകാന്‍ തയാറായില്ല. ഇന്നലെ പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായതായും പൊലീസ് പറയുന്നു.
തുടര്‍ന്ന് ബോധരഹിതയായ ഇവരെ നാട്ടുകാര്‍ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് ഭര്‍ത്താവ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.