ലോണ്‍ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവം, അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തെ പൊക്കി

Advertisement

വയനാട്. ലോണ്‍ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാല് പേരെ വയനാട് പോലീസ് ഗുജറാത്തില്‍ നിന്ന് അതി സാഹസികമായി പിടികൂടി. അരിമുള സ്വദേശി അജയരാജ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലോണ്‍ ആപ്പിന്റെ കെണിയില്‍പ്പെട്ട അജയ്‌രാജിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് മോശമായി ചിത്രീകരിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതിന്‍റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ

അമറേലി സ്വദേശികളായ ഖേറാനി സമിര്‍ഭായ്(30), കല്‍വത്തര്‍ മുഹമ്മദ് ഫരിജ്(20), അലി അജിത്ത് ഭായ്(43) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജയരാജിന്‍റെ ഫോണിലേക്ക് വന്ന സന്ദേശങ്ങളുടെ ഉറവിടത്തെ കുറിച്ചാണ് പൊലീസ് ഐടിസെല്‍ അന്വേഷണം തുടങ്ങിയത്. നാലായിരം രൂപയായിരുന്നു കാന്‍ഡി ക്യാഷ് എന്ന ആപ്പില്‍ നിന്ന് സെപ്തംബര്‍ 9ന് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതതോടെ ഭീഷണി തുടങ്ങി. വ്യാജ ചിത്രം നിര്‍മിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതോടെ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് സെപ്തംബര്‍ 15ന് അജയരാജ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഐടിസെല്‍ നടത്തിയ വിശദാന്വേഷണം നീണ്ടത് ഗുജറാത്തിലെ ബക്സാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക്. മീനങ്ങാടിയില്‍ നിന്ന് ഇന്‍സ്പെക്ടര്‍ പി.ജെ. കുര്യാക്കോസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ എ.എം. പ്രവീണ്‍, ഫിറോസ്ഖാന്‍, എം. ഉനൈസ്, എ.ടി. ബിജിത്ത്‌ലാല്‍ എന്നിവരടങ്ങുന്ന സംഘം ഗുജറാത്തിലെത്തി പ്രതികളെ പിടികൂടി.

നാല് മൊബൈൽ ഫോണുകളും ഒരു ഇന്റർനെറ്റ് മോഡവും പോലീസ് കണ്ടെടുത്തു. കേരളത്തിൽ ഇതേ പ്രതികൾ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ
എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.. സ്ത്രീകളെ ഉപയോഗിച്ച് ആളുകളെ വീഡിയോ കോള്‍ വിളിച്ച് ചിത്രം മോര്‍ഫ് ചെയ്ത് പണം തട്ടുന്ന രീതിയും ഈ സംഘത്തിനുണ്ട് എന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ ഐടി ആക്ടിന് പുറമെ ആത്മഹത്യാ പ്രേരണ, പണാപഹരണം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഡിഐജി തോംസണ്‍ ജോസ്, എസ്പി ടി നാരായണന്‍ എന്നിവരുടെ മേല്‍നോട്ടവും അന്വേഷണത്തിനുണ്ടായിരുന്നു