നേമത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കും

Advertisement

തിരുവനന്തപുരം. നേമത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവ് നയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

മന:പൂര്‍വ്വമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍, ഗര്‍ഭം അലസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേമം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വെള്ളയാണി തിരുമംഗലം ലെയ്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പൂന്തുറ സ്വദേശി ഷമീറയും(36) നവജാതശിശുവുമാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ തന്നെ പ്രസവിക്കാന്‍ ഭര്‍ത്താവ് നയാസ് നിര്‍ബന്ധിക്കുകയായിരുന്നു. പ്രസവ വേദനയെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടാകുകയും ഷമീഹ ബോധരഹിതയാകുകയുമായിരുന്നു. ശേഷം നയാസ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും കുഞ്ഞും നേരത്തെതന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഷമീറയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. മൃതദേഹം പാലക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ. ഇരുവര്‍ക്കും രണ്ട് കുഞ്ഞുങ്ങളുണ്ട്. സംഭവസമയം മുന്‍ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നതായും മരണത്തില്‍ ദുരൂഹത ഉള്ളതായും നാട്ടുകാര്‍ ആരോപിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി പോലീസ് വീട് സീല്‍ ചെയ്തിട്ടുണ്ട്.

മരിച്ച ഷെമീറയ്ക്ക് അക്യൂപങ്ങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. സംഭവത്തിൽ അറസ്റ്റിലായ ഷെമീറയുടെ ഭർത്താവ് നയാസിനെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. നയാസ് ഭാര്യക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് അമ്മയും കുഞ്ഞും മരണപ്പെട്ടത് എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അതെ സമയം പോലീസിന് നേരെയും ഗുരുതര ആരോപണമുണ്ട്. സംഭവം ആരോഗ്യ വകുപ്പ് പൊലീസിനെ അറിയിച്ചിട്ടും തുടർനടപടി സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടായി എന്നാണ് ആരോപണം.

Advertisement