പൊന്നാനിയില്‍ അപ്രതീക്ഷിത സ്ഥാനാർഥി,സിപിഎം ലക്ഷ്യം പലത്

Advertisement

മലപ്പുറം. പൊന്നാനിയില്‍ അപ്രതീക്ഷിത സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത് വഴി സിപിഎം ലക്ഷ്യം പലതാണ്. പഴയ ലീഗ് നേതാവായ കെഎസ് ഹംസയ്ക്ക് മുസ്‍ലിം സംഘടനകളുമായുള്ള ബന്ധം വോട്ടാകുമെന്നാണ് പാർട്ടി പ്രതീക്ഷ. ഹംസ സ്ഥാനാർഥിയാകുന്നതോടെ കാര്യങ്ങള്‍ എളുപ്പമായെന്നാണ് ലീഗ് വിലയിരുത്തല്‍, ലീഗിലെ ഒരു വിഭാഗത്തിന് സിപിഎമ്മിനോട് ആഭിമുഖ്യമുണ്ടോ എന്നതിന്‍റെ ലിറ്റ്മസ് ടെസ്റ്റ് കൂടിയാകും തിരഞ്ഞെടുപ്പ്.

പൊന്നാനിയില്‍ ശക്തനായ സ്ഥാനാർഥിയെ നിർത്തി ശക്തമായ മത്സരമെങ്കിലും നടത്തണമെന്ന സിപിഐഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുയർന്നതാണ്. സിറ്റിംഗ് എംപി
ഇ.ടി മുഹമ്മദ് ബഷീറിന്റെ ജനപ്രീതി മറികടക്കാന്‍ പറ്റുന്ന സ്ഥാനാർഥികളെയാണ് പാർട്ടി പരിഗണിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷനായ വി വസീഫി്നറെ പേര് ജില്ലാകമ്മിറ്റിയിലും ഉയർന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് മുന്‍ ലീഗ് നേതാവ് കെ.എസ് ഹംസയെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചത്..

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിപ്പുകാരായ കെഎസ് ഹംസക്ക് പല സമുദായിക നേതാക്കളുമായി അടുത്ത ബന്ധമാണ് ഉള്ളത്.ഇരു വിഭാഗം സമസ്താ നേതാക്കളുമായും കെഎസ് ഹംസക്ക് ബന്ധമുള്ളത് സിപിഐഎം പോസിറ്റീവായി കാണുന്നു.ലീഗ് വിരുദ്ധ വോട്ടുകൾ കൂടി ലഭിച്ചാൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നും പാർട്ടി കണക്കുകൂട്ടല്‍ .എന്നാല്‍ പൊന്നാനി മണ്ഡലത്തിൽ കാര്യമായ സ്വാധീനം ഉള്ള നേതാവല്ല കെഎസ് ഹംസ എന്നാണ് ലീഗ് വിലയിരുത്തല്‍.

മാത്രമല്ല പികെ കുഞ്ഞാലിക്കുട്ടിയോട് ഇടഞ്ഞ് പാർട്ടി വിട്ട നേതാവ് എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോള്‍ ലീഗ് അണികളില്‍ ഊർജം കൂടും എന്നും പാർട്ടി വിലയിരുത്തുന്നു. ഹംസ സ്ഥാനാർഥിയാകുന്നതോടെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ പൊന്നാനിയിൽ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും . പഴയ ലീഗ് നേതാവ് ആയതിനാൽ ഹംസയെ പരാജപ്പെടുത്താൻ ലീഗിന്റെ മുഴുവൻ സംവിധാനങ്ങളും രംഗത്തിറങ്ങും. ലീഗ് സ്ഥാനാർഥികള്‍ മണ്ഡലങ്ങള്‍ പരസ്പരം മാറി മത്സരിക്കുകയാണെങ്കില്‍ അബ്ദുസ്സമദ് സമദാനിയാകും പൊന്നാനിയില്‍ സ്ഥാനാർഥി.കുഞ്ഞാലിക്കുട്ടിയോട് അടുത്ത സംഘത്തിനുള്ള ഇടത് ആഭിമുഖ്യം ഇല്ലാതാക്കാനും ഇതുപകരിക്കുമെന്ന് വിലയിരുത്തി ആശ്വസിക്കുന്നവരും ലീഗിലുണ്ട് .

Advertisement