കരുനാഗപ്പള്ളി. 110 കെവി സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. കരുനാഗപ്പള്ളി 66 കെ.വി. സബ് സ്റ്റേഷന്റെ ശേഷി 110 കെ.വി.യായി ഉയർത്തിയതോടെ സബ് സ്റ്റേഷനിൽ നിന്നും മെച്ചപ്പെട്ട വൈദ്യുതി ഇടതടവില്ലാതെ ലഭിക്കും.
ബുധനാഴ്ച വൈകിട്ട് സബ്സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി നഗരസഭയിലെയും ക്ളാപ്പന, ആലപ്പാട്, തഴവ, കുലശേഖരപുരം, പന്മന, തൊടിയൂർ, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെയും ഒരു ലക്ഷത്തോളം വരുന്ന വാണിജ്യ, വ്യവസായ, ഗാർഹിക ഉപഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 20.5 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. 1968 -ലാണ് കരുനാഗപ്പള്ളി 66 കെ.വി. സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്.
വർധിച്ചു വരുന്ന വൈദ്യുതി ഉപഭോഗങ്ങൾ നിറവേറ്റുന്നതിന് ഇത് അപര്യാപ്തമായതോടെയാണ് സ്റ്റേഷന്റെ ശേഷി 110 കെ.വി. യിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതി അനുവദിച്ചത്. ശാസ്താംകോട്ട സബ്സ്റ്റേഷനിൽ നിന്നാണ് കരുനാഗപ്പള്ളിയിലേക്ക് 110 കെ.വി. വൈദ്യുതി എത്തിക്കുന്നത്. ഇതിനായി 13.2 കിലോമീറ്റർ 110 കെ.വി. ഡബിൾ സർക്യൂട്ട് ലൈൻ സ്ഥാപിച്ചു. ശാസ്താംകോട്ട സബ്സ്റ്റേഷനിൽ പുതിയ രണ്ട് 110 കെ.വി. ഫീഡർ ബേകളും നിർമിച്ചു. പദ്ധതി യാഥാർത്ഥ്യമായതോടെ കരുനാഗപ്പള്ളി സബ് സ്റ്റേഷനിലെ നിലവിലെ 30 എം.വി.എ. ശേഷി 40 എം.വി.എ. യായി ഉയർത്തപ്പെടും. ഉദ്ഘാടന യോഗത്തിൽ സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.കെഎസ്ഇബി ട്രാൻസ്മിഷൻ, സിസ്റ്റം ഓപ്പറേഷൻ ആൻഡ് പ്ലാനിങ് ഡയറക്ടർ സജി പൗലോസ് സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൻ എ സുനിമോൾ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബിന്ദു രാമചന്ദ്രൻ, യു ഉല്ലാസ്, പി എം സെയ്ദ്, നഗരസഭ കൗൺസിലർ നിസാംഭായി, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ ഐ ഷിഹാബ്, തൊടിയൂർ താഹ, പി രാജു, ഷിഹാബ് എസ് പൈനംമൂട് തുടങ്ങിയവർ സംസാരിച്ചു.