വയനാട്.മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന ക്ഷുദ്രജീവികളെ വെടിവച്ച് കൊല്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഈ ഉത്തരവ് നല്‍കാവുന്നതാണ്. അതിനാല്‍ തന്നെ വനം വന്യജീവി നിയമത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നു മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് ആശ്വാസ ധനമായി കേന്ദ്രം പത്ത് ലക്ഷം രൂപ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ തുക എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതെന്ന് വിശദീകരിക്കണമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു
ഏറെ പ്രതീക്ഷയോടെയായിരുന്നു വയനാട് കേന്ദ്രവനം മന്ത്രിയുടെ സന്ദര്‍ശനത്തെ കണ്ടിരുന്നത്. പുതിയ പ്രഖ്യാപനങ്ങളോ പദ്ധതികളെ കുറിച്ചുള്ള വിശദീകരണങ്ങളോ ഉണ്ടായില്ല. ജില്ലയിലെ മനുഷ്യവന്യജീവി സംഘര്‍ഷം ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെയും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനും ആനത്താരകള്‍ വീണ്ടെടുക്കുന്നതിനും കോയമ്പത്തൂരിലെ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തും. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാനുള്ള ഉത്തരവിറക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രനിയമ ഭേദഗതി വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസഹായമായി പത്ത് ലക്ഷം രൂപ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ തുക വയനാട്ടില്‍ ഒരു കുടുംബത്തിനും ഇതുവരെ കിട്ടിയിട്ടില്ലെന്നായിരുന്നു എംഎല്‍എമാരായ ടി സിദ്ദിഖിന്‍റെയും ഐസി ബാലകൃഷ്ണന്‍റെയും ആരോപണം. ഈ തുക എവിടെ ചിലവഴിക്കുന്നുവെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം
അതേസമയം കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ നിന്ന കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഗൌതം ഗോകുല്‍ദാസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്.