സംസ്ഥാനത്തെ തിയറ്ററുകളിൽ ഇന്ന് മുതൽ മലയാള സിനിമ റിലീസില്ല

Advertisement

സംസ്ഥാനത്തെ തിയറ്ററുകളിൽ ഇന്ന് മുതൽ മലയാള സിനിമ റിലീസില്ല. തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സിനിമകൾ റിലീസ് ചെയ്യാത്തത്. 42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒടിടിയിൽ നൽകുകയുള്ളു എന്ന മുൻധാരണ നിർമാതാക്കൾ ലംഘിച്ചുവെന്നാണ് തിയറ്റർ ഉടമകളുടെ ആരോപണം. നിലവിൽ യുഎഫ്ഒ അടക്കമുള്ള കമ്പനികളുടെ ഡിജിറ്റൽ കണ്ടന്റ് കാണിക്കാൻ കഴിയുന്ന പ്രൊജക്ടുകളാണ് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളിലുമുള്ളത്.
എന്നാൽ നിർമാതാക്കളുടെ സംഘടനയിൽപെട്ട ചിലർ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചതോടെ അവരുടെ കണ്ടന്റ് തിയറ്ററിൽ നൽകണമെന്ന് പറഞ്ഞ് തിയറ്ററുടമകളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് മറ്റൊരു ആരോപണം. ഈ സിനിമ കണ്ടന്റുകൾ  പ്രദർശിപ്പിക്കണമെങ്കിൽ വിലകൂടിയ പുതിയ പ്രൊജക്ടറുകൾ വാങ്ങേണ്ട ഗതികേടിലാണെന്നും വ്യവസായത്തിന് ഇത് നഷ്ടമാണെന്നും ഫിയോക് ആരോപിക്കുന്നു.
28ന് ഫിലിം ചേംബറിന്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കാൻ ചർച്ച വിളിച്ചുവെങ്കിലും പങ്കെടുക്കില്ലെന്നാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട്.