തിരുവനന്തപുരം. വിജയമല്ല സീറ്റാണ് മുഖ്യം ബിഗിലേ.ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് എൽഡിഎഫിൽ ധാരണയായിട്ടും സീറ്റ് വിഭജനം പോലും പൂർത്തിയാക്കാൻ യുഡിഎഫിന് ആയിട്ടില്ല. മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജന തർക്കം അനന്തമായി നീളുന്നത് തെരഞ്ഞെടുപ്പിലെ വിജയസാധ്യതയെ ഉൾപ്പെടെ ബാധിക്കുമെന്നാണ് മുന്നണിയിലെ ഒരു വിഭാഗത്തിന്റെ വാദം. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത ലീഗ് നിലപാടാണ് യുഡിഎഫിലെ പ്രതിസന്ധി. മുസ്ളിം പ്രീണനത്തിന് ഏതറ്റം വരെയും പോകാന്‍ എല്‍ഡിഎഫിന്‍റെ നേതൃസ്ഥാനം വിഹിക്കുന്ന സിപിഎം തയ്യാറായതും ലീഗിനെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്ന കോണ്‍ഗ്രസിന് പാരയാണ്.
2019 ൽ 20 ൽ 19 സീറ്റിലും യുഡിഎഫിനായിരുന്നു വിജയം. ഇത്തവണ ട്വൻ്റി 20 എന്ന ആത്മവിശ്വാസം നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കാൻ തുടങ്ങിയിട്ടും നാളേറെയായി. കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണി വിട്ടു പോയെങ്കിലും നിലവിൽ ബാക്കി 18 എം.പിമാരും യുഡിഎഫിന് ഉണ്ട്. അതുകൊണ്ടുതന്നെ സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ വലിയ തലവേദന യുഡിഎഫിൽ ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപേ പ്രചരണ രംഗത്ത് സജീവമാകും എന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ ആദ്യ പ്രഖ്യാപനം. മുസ്ലിംലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ ചർച്ചകൾ എല്ലാം വഴിമുട്ടി. എളുപ്പത്തിൽ പരിഹരിക്കാം എന്ന് കരുതിയ വിഷയം ചർച്ചയും അതിനുമുകളിൽ ചർച്ചയുമായി മാസം ഒന്ന് കഴിഞ്ഞു. എൽഡിഎഫിൽ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയായി. ഇതോടെ യുഡിഎഫ് കൂടുതൽ പ്രതിസന്ധിയിലേക്കെത്തി. കണ്ണൂരൊഴികെ മറ്റ് എല്ലായിടത്തും നിലവിലെ എംപിമാർ തന്നെ മത്സര രംഗത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പക്ഷേ, സീറ്റ് വിഭജന ചർച്ച പൂർത്തിയാകാത്തതിനാൽ പരസ്യമായി പ്രചരണ രംഗത്തേക്ക് ഇറങ്ങാൻ കഴിയാത്ത ഗതികേടാണ് പലയിടത്തും. കൊല്ലം പോലെ അപൂര്‍വയിടങ്ങളില്‍ ആളാരെന്ന വ്യക്തതവന്നുകഴിഞ്ഞു. എന്‍കെ പ്രേമചന്ദ്രനെ പോലും കമ്പിട്ടുകുത്താന്‍ ചില നേതാക്കള്‍ രംഗത്തെത്തിയതാണ്. സീറ്റ് പ്രഖ്യാപിച്ചാല്‍ യുഡിഎഫില്‍ പതിവുള്ള കൂട്ടയടി നേരത്തേ തീര്‍ക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം പൊതുവേ താഴേത്തട്ടിലുണ്ട്.
സീറ്റ് വിഭജന ചർച്ച നീളുന്നതിൽ യുഡിഎഫിലെ ഘടകകക്ഷികൾക്ക് തന്നെ അതൃപ്തിയുണ്ട്. യുഡിഎഫ് ഏകോപന സമിതി യോഗം കഴിഞ്ഞ ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം മതിയെന്ന നിലപാടിൽ നിന്ന് കേരള കോൺഗ്രസ് ജോസഫ്, ആർ എസ് പി എന്നീ പാർട്ടികൾ മാറിയതും ഈ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ്. തുടർച്ചയായ രണ്ടുതവണ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ലീഗിൻറെ അഞ്ചാം മന്ത്രി വിവാദമാണെന്ന മുറുമുറുപ്പ് ഇതിനോടകം കോൺഗ്രസിൽ ആരംഭിച്ചു കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് ആവശ്യത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കരുതെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കൾക്കും. അതേസമയം കെ മുരളീധരൻ അടക്കമുള്ള ചില നേതാക്കൾക്ക് ലീഗിൻ്റെ ആവശ്യത്തോട് അനുകൂല നിലപാടാണ്. തർക്കങ്ങൾ എത്രയും പെട്ടെന്ന് പരിഹരിച്ച് ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്ക് ഉടൻ കടക്കാൻ കഴിയും എന്നാണ് നേതൃത്വം ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.