സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇതുസംബന്ധിച്ച് 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തി. എട്ട് ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തി. ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.
8 ജില്ലകളില്‍ ഒന്നേമുക്കാല്‍ കോടിയോളം മെട്രിക് ടണ്‍ മണല്‍ ഇവിടങ്ങളില്‍ നിന്ന് ഖനനം ചെയ്യാമെന്നാണ് സാന്‍ഡ് ഓഡിറ്റിംഗില്‍ കണ്ടെത്തിയത്. 32 നദികളില്‍ നടത്തിയ ഓഡിറ്റിംഗില്‍ കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണല്‍ ഖനന സാധ്യതയുള്ള നദികള്‍.
ഇതില്‍ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാര്‍ നദികളില്‍ മാര്‍ച്ചില്‍ മണല്‍ വാരല്‍ തുടങ്ങും. 200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലെ നദികളില്‍ മണല്‍വാരലിന് സാധ്യതയില്ല.
കളക്ടര്‍ അദ്ധ്യക്ഷനാവുന്ന ജില്ലാതല സമിതികളില്‍ പരിസ്ഥിതി, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാവും. ജില്ലാസമിതിക്ക് കീഴില്‍ ഓരോ നദികളുമായും ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍ ചെയര്‍മാനായുള്ള കടവ് കമ്മിറ്റികള്‍ക്കാണ് മണല്‍വാരി ലേലം ചെയ്യാനുള്ള ചുമതല.