പോലീസ് ഓഫീസര്‍ എന്ന വ്യാജേന വീഡിയോ കോള്‍ ചെയ്തയാള്‍ കൊല്ലം സ്വദേശിയില്‍ നിന്നും 40 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. പാഴ്‌സലായി അയച്ച സാധനസാമഗ്രികളില്‍ എംഡിഎംഎ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ഭീഷണിയെ തുടര്‍ന്ന് കൊല്ലം സ്വദേശി 40 ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.
പ്രശസ്ത കൊറിയര്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ നിന്നാണെന്ന് പറഞ്ഞാണ് ഇദ്ദേഹത്തിന് ആദ്യമായി കോള്‍ ലഭിക്കുന്നത്. തുടര്‍ന്ന് പാഴ്‌സലില്‍ എംഡിഎംഎ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുംബൈ പോലീസിന്റെ സൈബര്‍ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ വീഡിയോ കോള്‍ ചെയ്തു ഭീഷണിപ്പെടുത്തുകയായിരുന്നു. തട്ടിപ്പിനിരയായ ആളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും സ്ഥലം വിട്ടു പോകരുതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ഭീഷണിപ്പെടുത്തി.
തുടര്‍ന്നാണ് അറസ്റ്റും തുടര്‍നടപടികളും ഒഴിവാക്കാനായി പണം അയക്കാനായി തട്ടിപ്പുകാര്‍ നിര്‍ദ്ദേശിച്ചത്. പരാതിക്കാരന്‍ കൊല്ലം പോലീസില്‍ പരാതി നല്‍കാന്‍ പോവുകയാണെന്ന് അറിയിച്ചതോടെ മുംബൈയില്‍ നടന്ന സംഭവമായതിനാല്‍ അവിടെത്തന്നെ എത്തി പരാതി നല്‍കണമെന്നും തട്ടിപ്പുകാര്‍ അറിയിച്ചു. പരാതിക്കാരന്‍ 40 ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി അയച്ചു നല്‍കി. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.