തിരുവനന്തപുരം. നേമത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യൂപങ്‌ചർ ചികിത്സകൻ ഷിഹാബുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിക്ക് അക്യൂപന്ക്ച്ചർ ചികിത്സ നൽകിയ ഇയാളെ കൊച്ചിയിൽ നിന്നാണ് നേമം പൊലീസ് പിടികൂടിയത്. ഷിഹാബുദ്ധീനെ വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ഷിഹാബിന് നേരെ പാഞ്ഞടുത്ത മരിച്ച യുവതിയുടെ ഭർത്താവിനെ പൊലീസ് ഇടപെട്ട് മാറ്റി.
കൊച്ചിയിൽ നിന്ന് പിടികൂടിയ ശിവഹാബുദ്ധീനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷിഹാബുദീന്റെ നിര്ബന്ധത്തിലാണ് മരിച്ച ഷെമീറയ്ക്ക് വീട്ടിൽ അക്യൂപങ്‌ചർ ചികിത്സ നൽകിയത് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. ഇന്നുതന്നെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും എന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ ഷിഹാബുദ്ധീനെ വൈദ്യപരിശോധനക്ക് കൊണ്ട് പോകുന്നതിനിടെ മരിച്ച ഷെമീറയുടെ ഭർത്താവ് നയാസ് ഇയാൾക്ക് നേരെ ചാടി വീണു. നിന്നെ കൊല്ലും എന്ന് ആക്രോശിച്ചാണ് നയാസ് പാഞ്ഞടുത്തത്. പോലീസ് ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. സംഭവത്തിൽ രണ്ടു ദിവസം മുൻപ് കോടതി റിമാൻഡ് ചെയ്ത നയാസിനെ ചോദ്യം ചെയ്യാനായാണ് പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. നയാസിനെയും ഷിഹാബുദ്ധീനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും