കോഴിക്കോട്. കൊയിലാണ്ടിയിൽ വെട്ടേറ്റ് മരിച്ച സിപിഐഎം ലോക്കൽ സെക്രട്ടറി സത്യനാഥന് വിട നൽകി നാട്. പെരുവട്ടൂരിൽ നടന്ന സംസ്കാര ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ അഭിലാഷിനെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.
കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് പി വി സത്യനാഥന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിൽ പങ്കെടുത്തത്. വെങ്ങളം മുതൽ കൊയിലാണ്ടി വരെ ആറിടങ്ങളിലായിരുന്നു പൊതു ദർശനം. കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ കെ ശൈലജ എംഎൽഎ തുടങ്ങിയ നേതാക്കളും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു.
ജന്മനാടായ പെരുവട്ടൂരിൽ നൂറുകണക്കിന് പേരാണ് സത്യനാഥനെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. മുതിർന്ന സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. തുടർന്ന് വീട്ടു വളപ്പിലായിരുന്നു സംസ്കാരം.
അതേസമയം, സത്യനാഥന്റെ കൊലപാതകം പ്രത്യേകസംഘം അന്വേഷിക്കും. കോഴിക്കോട് റൂറൽ എസ് പി അർവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘത്തിനാണ് ചുമതല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തിയിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രതി അഭിലാഷ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇന്നലെ രാത്രിയാണ് ക്ഷേത്രം ഉത്സവത്തിനിടെ ശരീരത്തിൽ ആറോളം വെട്ടുകളേറ്റ് പിവി സത്യനാഥ് കൊല്ലപ്പെടുന്നത്.