വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 24 ശനി

BREAKING NEWS

👉തൃശൂരിൽ 3.75 കോടിയുടെ മയക്ക് മരുന്നും, 77 കിലോ കഞ്ചാവും പിടിച്ചു.രണ്ട് യുവാക്കൾ അറസ്റ്റിൽ

👉കർഷക സമരം:രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ച് പ്രതിഷേധം

👉ആറ്റുകാൽ പൊങ്കാല നാളെ, തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

👉 ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ ദില്ലിയിൽ വൈകിട്ട് കേന്ദ്ര നേതാക്കളെ കാണും, നിർണ്ണായക ചർച്ചകൾ ഇന്ന് .

🌴 കേരളീയം 🌴

🙏പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്കെത്തുന്നത്. ഫെബ്രുവരി 27-ന് തിരുവനന്തപുരത്താണ് സമാപന സമ്മേളനം.

🙏നിയമസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും മൂന്നാം സീറ്റിനായി ലീഗ് കേഴുകയാണെന്ന് മന്ത്രി പി രാജീവ്. അപമാനം സഹിച്ച് യുഡിഎഫില്‍ നില്‍ക്കണോ സ്വതന്ത്രമായി നില്‍ക്കണോ എന്ന് മുസ്ലിം ലീഗിന് തീരുമാനിക്കാം.

🙏ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര പകരക്കാരെ ഏല്‍പ്പിച്ച് അദ്ദേഹം ദില്ലിക്ക് പോയി. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായാണ് യാത്രയെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

🙏സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തി. ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

🙏കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ ലൈസന്‍സ് പരിഷ്‌കരണമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ . ലോകനിലവാരത്തിലേക്ക് ഡ്രൈവിംഗ് ഉയര്‍ത്തുകയാണ് ലക്ഷ്യം.

🙏പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന്‍ അറസ്റ്റില്‍. യുവതിക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത് ഷിഹാബുദ്ദീന്‍ തടഞ്ഞുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു.

🙏തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്ക്. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപ. ബസുകള്‍ക്ക് 225 രൂപ. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 18.6 കിലോമീറ്റര്‍ ദൂരമുളള ബൈപ്പാസില്‍ കൊളശ്ശേരിക്കടുത്താണ് ടോള്‍ പ്ലാസ.

🙏ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. നാളെയാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.

🇳🇪 ദേശീയം 🇳🇪

🙏കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു. കൂടുതല്‍ കര്‍ഷകരെ എത്തിച്ച് അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ നേതാക്കള്‍ തീരുമാനിച്ചു. ശുഭ് കരണ്‍ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവ കര്‍ഷകന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

🙏കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന് നീതി ലഭ്യമാകണമെന്നും, നീതിക്ക് പകരംവയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ഒരു കോടി രൂപ നിരസിക്കുകയാണെന്നും കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം. ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കാതെ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന കടുത്ത നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

🙏ഒരുക്കങ്ങള്‍ വിലയിരുത്താനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13 നോ അതിന് ശേഷമോ ഉണ്ടായേക്കുമെന്നാണ് സൂചന.

🙏ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഇന്ന് പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. മുറാദാബാദില്‍ വച്ചാകും പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകുക.

🙏ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകര്‍. ഇന്നലെ ചേര്‍ന്ന എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ യോഗത്തിലാണ് നിക്ഷേപകര്‍ ഇക്കാര്യമറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇനി കഴിയില്ലെന്നും, ബൈജൂസില്‍ ഫൊറന്‍സിക് ഓഡിറ്റ് അടക്കം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്.

🙏ബൈജൂസില്‍നിന്ന് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ച് അറുപത് ശതമാനത്തിലധികം ഓഹരിയുടമകള്‍ വോട്ട് ചെയ്തു. ഇന്നലെ ചേര്‍ന്ന എക്‌സ്ട്രാ ഓഡിനറി ജനറല്‍ മീറ്റിങ്ങിലാണ് ഈ അസാധാരണ നടപടി.

🇦🇽 അന്തർദേശീയം 🇦🇺

🙏ചരിത്രംകുറിച്ച് ഒഡീസിയസ്. ചന്ദ്രോപരിതലത്തിലിറങ്ങുന്ന, സ്വകാര്യ കമ്പനിയുടെ ആദ്യപേടകമെന്ന ചരിത്രനേട്ടമാണ് യു.എസിന്റെ ഒഡീസിയസ് സ്വന്തമാക്കിയത്. ടെക്‌സസിലെ ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ഇന്റൂയിറ്റീവ് മെഷീന്‍സ് കമ്പനി നിര്‍മിച്ച നോവ-സി ലാന്‍ഡറാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്.

🏏 കായികം 🏏

🙏ഇന്ത്യക്കെതിരെയുള്ള നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 302 ന് 7 എന്ന നിലയിലാണ്. 106 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ജോ റൂട്ടിന്റെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്ക് നയിച്ചത്.

🙏വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 4 വിക്കറ്റിന്റെ വിജയം. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈക്കായി അവസാന ഓവറിലെ അവസാന പന്തില്‍ വിജയിക്കാനായുള്ള 5 റണ്‍സിനായി സിക്സര്‍ പറത്തി മലയാളി താരം സജന സജീവാണ് മുംബൈക്കായി വിജയം സമ്മാനിച്ചത്

Advertisement