ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുമരണം

Advertisement

പാലക്കാട്: കഞ്ചിക്കോട്ട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുമരണം. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ (57) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൊളിച്ചാണ് അഗ്നിരക്ഷാസേന മൂവരെയും പുറത്തെടുത്തത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ട് ഭാഗത്തേയ്ക്ക് വരുമ്പോഴാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെട്ടത്. ലോറിക്ക് പിന്നില്‍ കോഴി കയറ്റി വന്ന പിക്കപ്പ് വാന്‍ ആണ് ഇടിച്ചത്. രണ്ടുപേരും തത്ക്ഷണം മരിച്ചതായാണ് പൊലീസ് പറയുന്നത്.
പിക്കപ്പ് വാന്‍ ഓടിച്ചിരുന്ന യുവാവിനെയാണ് ഗുരുതര പരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിക്കപ്പ് വാന്‍ പൂര്‍ണമായി തകര്‍ന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂര്‍ നേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.