ഇന്ധന സെസില്‍ പിരിച്ചെടുത്തത് 774.77 കോടി പെന്‍ഷന് ചെലവഴിക്കാതെ സര്‍ക്കാര്‍, സെസ് പിൻവലിയ്ക്കണമെന്ന് പമ്പുടമകൾ

Advertisement

കൊല്ലം.സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി ഇന്ധന സെസ് മുഖേനെ ഇതുവരെ പിരിച്ചെടുത്തത് 774.77 കോടി രൂപയെന്നും ജനത്തിന് ഉപകരിക്കാത്ത സെസ് പിന്‍വലിക്കണമെന്നും പെട്രോള്‍ പമ്പുടമകളുടെ സംഘടന ആവശ്യപ്പെട്ടു.2023 ഏപ്രില്‍ ഒന്നു മുതല്‍ ഡിസം. 31 വരെയാണ് ഈ തുക പിരിച്ചെടുത്തത്.പെന്‍ഷന്‍ തുക നല്കുന്നതിനായി ഇന്ധന സെസ് മുഖേനെ കോടികള്‍ പിരിച്ചെടുത്തിട്ടും ഇതുവരെ ഇതില്‍ നിന്ന് ഒരു രൂപ പോലും പെന്‍ഷനായി നല്കിയിട്ടില്ലെന്നാണ് രേഖാ മൂലം ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി പെന്‍ഷന്‍ വിതരണം മുടങ്ങിയിരിക്കയാണെങ്കിലും ഇന്ധന സെസ് പിരിച്ചെടുക്കുന്നത് നിര്‍ത്തിയിട്ടില്ല. വിവിധ സാമൂഹ്യ ക്ഷേമ നിധി ബോര്‍ഡുകളില്‍ അംഗങ്ങളായ 6.7 ലക്ഷം പേര്‍ക്കുള്‍പ്പെടെ 57 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്.പ്രതിവര്‍ഷം ഏകദേശം 11,000 കോടി രൂപയാണ് ഇതിന് ആവശ്യമായി വരുന്നത്. ഈ പെന്‍ഷന്‍ തുക നല്‍കുന്നതിന് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക സമാഹരണം നടത്തുമെന്ന് 2023 – 24 ബജറ്റില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഇന്ധന സെസ് ഏര്‍പ്പെടുത്തിയത്. 2023 ഏപ്രില്‍ ഒന്നു മുതല്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്‌ക്ക് രണ്ടു രൂപാ വീതമാണ് സെസ് ഏര്‍പ്പെടുത്തിയത്. ഒരു മാസം സാമൂഹ്യ സുരക്ഷാ ബോര്‍ഡ് പെന്‍ഷന്‍ നല്കുന്നതിന് 750 കോടി രൂപയാണ് കണ്ടെത്തേണ്ടത്. 2023 ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ ഇന്ധന സെസ് ഇനത്തില്‍ 600.78 കോടി രൂപ ലഭിച്ചു.

ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലാത്ത സെസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് ജനറൽ സെക്രട്ടറി അഷ്റഫ് സഫ ആവശ്യപ്പെട്ടു. ഇന്ധന സെസ് മൂലം ഇന്ധന വില്പന കുത്തനെ കുറഞ്ഞിരിക്കുകയാണെന്നും ഇത് പെട്രോൾ പമ്പുടമകളെ കടക്കെണിയിലേക്ക് തള്ളി വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement