സിപിഐയുടെ ലോക്സഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്തും ആനി രാജയെ വയനാട്ടിലും വി.എസ്.സുനില്‍കുമാറിനെ തൃശൂരും സി.എ.അരുണ്‍കുമാറിനെ മാവേലിക്കരയിലും തീരുമാനിച്ചതായി സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. ജില്ലാ കൗണ്‍സിലുകള്‍ നല്‍കിയ പട്ടിക ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥിക്കാര്യം അന്തിമമാക്കിയത്. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ആശയക്കുഴപ്പത്തിനൊടുവിലാണ് മാവേലിക്കരയില്‍ കൃഷിമന്ത്രി പി.പ്രസാദിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും യുവനേതാവുമായ സി.എ.അരുണ്‍കുമാറിനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. മാവേലിക്കര മണ്ഡലം മൂന്ന് ജില്ലകളിലായി കിടക്കുന്നതിനാല്‍ മൂന്നിടത്തുനിന്നും സ്ഥാനാര്‍ഥി പാനല്‍ എത്തിയിരുന്നു. ഇതില്‍ കോട്ടയം, കൊല്ലം ജില്ലാ കൗണ്‍സിലുകള്‍ നല്‍കിയ പട്ടികയില്‍ അരുണിന്‍റെ പേരുണ്ടായിരുന്നില്ല. എന്നാല്‍ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ നല്‍കിയ പട്ടികയിലെ ഒന്നാം പേരുകാരന്‍ സി.എ.അരുണ്‍കുമാര്‍ ആയിരുന്നു.