സിഎംആർഎൽ നൽകിയ 135 കോടിയിൽ സിംഹഭാഗവും ലഭിച്ചത് പിണറായിയ്ക്ക്, കുഴല്‍നാടന്‍

Advertisement

തിരുവനന്തപുരം. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും മാത്യു കുഴൽനാടൻ. സിഎംആര്‍ഡഎല്‍-ന്റെ കമ്പനിയായ കെആര്‍ഇഎംഎല്‍ ന് അനുവദനീയമായതിലും കൂടുതൽ ഭൂമി കൈവശം വെയ്ക്കാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് മാത്യു ആരോപിച്ചു. ഇതിനായി ഭൂരിപരിഷ്കരണ നിയമത്തിൽ വരെ ഭേദഗതികൾ വരുത്താനായി മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചതിന്റെ മിനിറ്റ്സ് രേഖകളും മാത്യു പുറത്തുവിട്ടു. യഥാർത്ഥ പ്രതി വീണാ വിജയനല്ല, മുഖ്യമന്ത്രിയാണെന്നും മാത്യു ആരോപിച്ചു.

സി.എം.ആർ.എല്ലിന്റെ ഉപകമ്പനിയായ കെ.ആർ.ഇ.എം.എൽ ആലപ്പുഴ ത്രിക്കുന്നപ്പുഴയിൽ 20 വർഷമായി 66 ഏക്കർ ഭൂമി കൈവശംവെച്ചിരുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം കൈവശംവെയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. ഭൂമിക്ക് ഇളവ് നൽകണമെങ്കിൽ ജില്ലാതല സമിതി പരിശോധിക്കണം. 2021 മുതൽ മൂന്ന് തവണ കമ്പനിയുടെ അപേക്ഷകൾ ജില്ലാതല സമിതിയും തുടർന്ന് റവന്യു വകുപ്പും തള്ളി. പിന്നീടാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുന്നത്. ഇതിനായി സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി യോഗം വിളിച്ചു. തുടർന്ന് ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മന്ത്രിസഭാ യോഗത്തിൽ വെച്ചു. ഇതോടെ ജില്ലാ സമിതിക്ക് മുൻപാകെ കമ്പനി വീണ്ടും അപേക്ഷ നൽകി. മുഖ്യമന്ത്രി ഇടപെട്ടതോടെ 2022 ജൂണിൽ സമിതി അംഗീകാരവും നൽകി. എന്നാൽ കേസ് ഉള്ളതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. എന്നാൽ ഇതോടെ കമ്പനിക്ക് കോടതിയിൽ പോകാനുള്ള വഴി തുറന്നെന്നും ജില്ലാതല സമിതി അനുമതി നൽകിയതിനാൽ ഭൂമി കൊടുക്കാതിരിക്കാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

വിവിധ രാഷ്ട്രീയകാക്ഷികൾക്കായി സിഎംആർഎൽ നൽകിയ 135 കോടിയിൽ സിംഹഭാഗവും ലഭിച്ചത് പിണറായി വിജയനെന്നും മാത്യു ആരോപിച്ചു.

വിഷയത്തിൽ മന്ത്രിമാരായ പി. രാജീവ്, എം ബി രാജേഷ് എന്നിവരെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചാണ് മാത്യു കുഴൽനാടൻ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്