തിരുവനന്തപുരം. ഇന്ത്യയുടെ അഭിമാനം വാനോളമുയരുന്ന ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും . പാലക്കാട് സ്വദേശിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ദൗത്യസംഘത്തലവൻ. വിക്രം സാരാഭായി സ്പേസ് സെന്ററിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗഗൻയാൻ സംഘത്തെ പരിചയപ്പെടുത്തിയത് . 1800 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഈ നാൽവർ സംഘമാണ് രാകേഷ് ശർമ്മക്ക് ശേഷം, ത്രിവർണ പതാകയുമായി ബഹിരാകാശത്തേക്ക് പറക്കുന്ന ഭാരതീയർ. പ്രശാന്ത് ബി നായര്‍, അംഗദ് പ്രതാപ്, അജിത് കൃഷ്‌ണൻ, ശുഭാന്‍ശു ശുക്ല. സംഘത്തെ നയിക്കുന്നത് മലയാളിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്. 2019 മുതൽ തിരശ്ശീലയ്ക്ക് പിന്നിൽ കഠിന പരിശീലനത്തിൽ ആയിരുന്ന സംഘത്തെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിമാനകരമായ നിമിഷമാണിതെന്നും പുതിയ കാലചക്രത്തിന്‍റെ തുടക്കമാണെന്നും പേരുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശ യാത്രികരുടെ മുന്നില്‍ ഇനിയും ഏറെ പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ടെന്നും സെല്‍ഫിയും ഓട്ടോഗ്രാഫുമായി അവരെ ബുദ്ധിമുട്ടിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. തുന്പ വിക്രം സാരാഭായ് സെപ്‌യ്സ് സെന്ററിൽ പുതുതായി സ്ഥാപിച്ച ട്രൈസോണിക് വിന്റു ടണൽ, ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ പൂർത്തിയാക്കിയ പിഎസ്എൽവിക്കുള്ള ഇന്റഗ്രേഷൻ ഫെസിലിറ്റി സെന്റർ, തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിൽ സജ്ജീകരിച്ച സെമി ക്രയോജനക് ഇന്റഗ്രേറ്റഡ് എഞ്ചിനുകൾക്കുള്ള സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി സെന്റർ എന്നിവ ഐഎസ്ആർഒയുടെ മുന്നോട്ടുള്ള കുതിപ്പിന് കരുത്താകും. അടുത്തവർഷം അവസാനത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കാൻ ആണ് ഇസ്രോയുടെ ശ്രമം. വിക്രം സാരാഭായി സ്പേസ് സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ പങ്കെടുത്തു