പൂക്കോട് വെറ്റിനറി കോളജിലെ രണ്ടാംവർഷ വിദ്യാർഥിയുടെ മരണത്തിൽ ആറുപേർ കസ്റ്റഡിയിൽ,എസ്എഫ്ഐക്കെതിരെ ശക്തമായ ആരോപണം

Advertisement

വയനാട് .പൂക്കോട് വെറ്റിനറി കോളജിലെ രണ്ടാംവർഷ വിദ്യാർഥിയുടെ മരണത്തിൽ ആറുപേർ കസ്റ്റഡിയിൽ. സിദ്ധാർത്ഥിനെ മർദ്ദിച്ചവരിൽ നേരിട്ട് പങ്കുള്ളവരാണ്   കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്ത മറ്റ് 12 പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരൻ സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ചു. എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലാണ് മര്‍ദ്ദനം നടന്നതെന്നാണ് സിദ്ധാര്‍ഥിന്‍റെ പിതാവ് ടി ജയപ്രകാശ് ആരോപിക്കുന്നത്.


മരണത്തിനു മുമ്പ് സിദ്ധാർത്ഥിന് ക്രൂരമർദ്ദനം ഏറ്റുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടന്നത്. മർദ്ദനത്തിൽ നേരിട്ട് പങ്കാളികളായ ആറു പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. പ്രതിപട്ടികയിലുള്ള  മറ്റ് 12 വിദ്യാർത്ഥികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോളേജിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സിദ്ധാർത്ഥിനെ എസ്എഫ്ഐ പരസ്യവിചാരണ ചെയ്യുകയും ക്രൂരമായി തല്ലിച്ചതയ്ക്കുകയും ആയിരുന്നുവെന്നാണ് പരാതി. മരണത്തിൽ സമഗ്ര അന്വേഷണം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നെടുമങ്ങാട്ട് സിദ്ധാർത്ഥിന്റെ വീട്ടിൽ എത്തി മാതാപിതാക്കളെ കണ്ടു.ഈ മാസം 18 നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

Advertisement