പി എസ് സി പരീക്ഷാ ഹാളിൽ വാച്ച് അനുവദിക്കാത്ത സാഹചര്യത്തിൽ ഇനി ഈ മാറ്റം വേണം

Advertisement

കാസർകോട്: പി.എസ്.സി പരീക്ഷാ ഹാളിൽ വാച്ച് അനുവദിക്കാത്ത സാഹചര്യത്തിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് നിർദ്ദേശം നൽകിയത്.

പി.എസ്.സി പരീക്ഷാ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന പരാതിയിലാണ് നടപടി.പി.എസ്.സി സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരീക്ഷാ ഹാളിൽ ക്ലോക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് പി.എസ്.സി യിൽ നിന്നും ഉപദേശം ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. പരീക്ഷാ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്നാണ് പി.എസ്.സി യുടെയും അഭിപ്രായം. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സർക്കാരിൽ നിന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് പി.എസ്.സി കമ്മീഷനെ അറിയിച്ചു.

കാഞ്ഞങ്ങാട് മുരിയാനാവി സ്വദേശിനി കെ. ഭവിന സമർപ്പിച്ച പരാതിയിലാണ് നടപടി.

Advertisement