തിരുവനന്തപുരം: എല്ലാ കാലഘട്ടങ്ങളിലും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യപ്പെടുന്ന ഒരു വിഭാഗമാണ് ക്രൈസ്തവർ. രാഷ്ട്ര നിർമ്മാണത്തിനായി ജനങ്ങളെ പഠിപ്പിക്കുകയും പൊതു നന്മയ്ക്കായി കേരളത്തിലുടനീളം വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുകയും അവ പൊതുസമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് ശ്രെദ്ധിക്കുകയും ചെയ്ത ക്രൈസ്തവ വിഭാഗത്തോട് സർക്കാർ എക്കാലവും വിവേചനപരമായിട്ടാണ് പെരുമാറുന്നത് എന്ന് സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല പറഞ്ഞു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനുവരി മാസം 29 ന് തിരുവല്ലയിൽ നിന്ന് ആരംഭിച്ച് ഫെബ്രുവരി 9ന് തിരുവനന്തപുരത്ത് അവസാനിച്ച നീതി യാത്രയുടെ അനുധാവന സമ്മേളനം കവടിയാറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സി. സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ബിഷപ്പ് ജോർജ് ഈപ്പൻ, സോൾ വിന്നിങ്സ് ചർച്ച ഓഫ് ഇന്ത്യ ബിഷപ്പ് ഓസ്റ്റീൻ എം എ പോൾ, ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് കമ്മീഷണറി ഹെൻട്രി ദാവീദ്, കെസിസി വൈസ് പ്രസിഡന്റ് മേജർ ആശാ ജസ്റ്റിൻ, ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ. ആർ. നോബിൾ, ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ ചെയർമാൻ ഫാ. ജോസ് കരിക്കം, റവ. ഡോ. എൽ. ടി. പവിത്ര സിംഗ്, റവ. ഡോ. ജെ. ഡബ്ലിയു. പ്രകാശ്, ഫാ. സജി മേക്കാട്ട് എന്നിവർ പ്രസംഗിച്ചു.
നീതി യാത്രയിൽ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളായ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ദളിത് വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കുക, പൂർണ്ണസമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കുക, 80:20 സ്കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവർക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന കേസ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കുന്നത് വരെ വിവിധ തരത്തിലുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുന്നതിനും പഞ്ചായത്ത് തലം മുതൽ ക്രൈസ്തവർക്ക് നേരെ ഉണ്ടാകുന്ന ഇത്തരം നീതി നിഷേധത്തിന്റെ സാഹചര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഈ അനുധാവന സമ്മേളനത്തിൽ തീരുമാനം ഉണ്ടായി. ഈ തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്ന് കെ. സി. സി.ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രഖ്യാപിച്ചു.
Home News Breaking News ക്രൈസ്തവ വിഭാഗത്തോടുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കണം:കേണൽ ജോൺ വില്യം