തിരുവനന്തപുരം. കേരള സർവകലാശാല കാര്യവട്ടം കാന്പസിലെ പഴയ വാട്ടർ ടാങ്കിൽ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ പുറത്തെടുത്ത അസ്ഥികൂടം വിശദ പരിശോധനക്കായി അയക്കും. സ്ഥലത്തുനിന്ന് ലഭിച്ച ഡ്രൈവിങ്ങ് ലൈസൻസിലെ വിലാസം പോലീസ് കണ്ടെത്തി.
ഇന്നലെ വൈകുന്നേരം ക്യാമ്പസിലെ ജീവനക്കാരനാണ് പഴയ വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും മതിയായ സുരക്ഷയില്ലാത്തതിനാൽ കഴിഞ്ഞില്ല. ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സാന്നിധ്യത്തിൽ പോലീസും അഗ്നി രക്ഷാ സേനാംഗങ്ങളും ഏറെ കഷ്ടപ്പെട്ടാണ് പതിനഞ്ച് അടി താഴ്ചയിൽ നിന്ന് അസ്ഥികൂടം പുറത്തെടുത്തത്. അസ്ഥികൂടത്തോടൊപ്പം ടാങ്കിൽ നിന്ന് ഷർട്ടിന്റെയും പാന്റിന്റെയും അംശങ്ങൾ കണ്ടത്തിയിട്ടുണ്ട്. ഇതു കൂടാതെ തൊപ്പി, ടൈ, റീഡിങ്ങ് ഗ്ലാസ്, എന്നിവയും കണ്ടെത്തി. സമീപത്തു നിന്ന് ഒരു ചെറിയ സ്റ്റൂളും കയറും ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ തലശേരി സ്വദേശി അവിനാശിന്റെ പേരാണുള്ളത്.
ലൈസൻസിലുള്ള വിലാസം തേടി പോലീസ് ചെന്നെങ്കിലും ആ വിലാസമുള്ള വീടിപ്പോഴില്ല. ഈ കുടുംബം വർഷങ്ങൾക്കു മുമ്പ് ചെന്നെെയിലേക്ക് താമസം മാറിയതാണ്. ലൈസൻസിന്റെ ഉടമ കൊച്ചി ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ളാളാണ്… ഇയാളുടെ പിതാവ് വെള്ളിയാഴ്ചയോടെ പോലീസിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെത്തും.കണ്ടെത്തിയ അസ്ഥികൂടത്തിന് ഒരു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പോലീസ് കേസടുത്തിട്ടുണ്ട്.അസ്ഥികൂടം ആരുടേതെന്ന് സ്ഥിരീകരിക്കാൻ ഡി എൻ എ പരിശോധനയുൾപ്പടെയുള്ള വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
Home News Breaking News കാര്യവട്ടം കാമ്പസിലെ പഴയ വാട്ടർ ടാങ്കിൽ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം തലശേരി സ്വദേശിയുടേതോ