കൊയ്ത്തിനൊരുങ്ങി പാടശേഖരങ്ങൾ, കുട്ടനാട്ടിൽ ആർപ്പുവിളികളുയരുന്നു

Advertisement

സ്റ്റീഫൻ

കുട്ടനാട്. കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട് വീണ്ടും വിളവെടുപ്പിനൊരുങ്ങുകയാണ്.കാലാവസ്ഥയുടെ മാറ്റം മറിച്ചിലുകൾ കൃഷിയിറക്കിനെ സാരമായി ബാധിച്ചെങ്കിലും ഇപ്പോൾ കൊയ്ത്തിനായി പാടശേഖരങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.പ്രതിക്ഷകളും, സ്വപ്നങ്ങളും ഫലവത്താകണേ എന്ന പ്രാർത്ഥന മാത്രമാണ് കർഷകർക്കുള്ളത്. ഒരക്കറിൽ കൃഷി ഇറക്കി വിളവെടുപ്പ് പൂർത്തിയാകുമ്പോൾ ഒരു കർഷകന് 30000 മുതൽ 40000 രൂപ വരെ ചിലവാകും. ഒരക്കറിൽ നല്ല വിളവ് ലഭിച്ചാൽ ചിലപ്പോൾ 75000 രൂപ വരെ ലഭിച്ചെന്നിരിക്കും.കൊയ്യുന്ന നെല്ല് സംഭരിക്കുന്നത് സർക്കാരാണ്. രണ്ട് മാസത്തിനുളളിൽ സംഭരണവില ബാങ്ക് കളിൽ അതാത് കർഷകരുടെ അക്കൗണ്ട് കളിൽ എത്തുന്ന രീതിയാണിപ്പോൾ. പലപ്പോഴും കൃഷിയുടെ ചിലവിന് അനുസൃതമായി വിളവും, വിലയും ലഭിക്കാതെ വരുമ്പോൾ കർഷകർ കടക്കെണിയിലാകും.പലപ്പോഴും നെൽകൃഷി നഷ്ടമാണന്ന് പറയാനുള്ള കാരണവുമിതാണ്.പല കർഷകരും കടത്തിൽ മുങ്ങിയതിനാൽ കൃഷിയിൽ നിന്ന് വിട്ട് നില്ക്കുന്നുമുണ്ട്.
ഇൻഷ്വറൻസ് പരിരക്ഷയും ലഭ്യമായില്ലെങ്കിൽ കർഷകൻ വീണ്ടും കടക്കാരനായി മാറും. മൂലധനച്ചെലവുകൂടി കണക്കാക്കി ഇൻഷ്വറൻസും നഷ്ടപരിഹാരവും നല്കുന്ന രീതി നടപ്പിൽ വരുത്തിയെങ്കിൽ മാത്രമേ കർഷകർ രക്ഷപ്പെടുകയുള്ളു.
സമുദ്രനിരപ്പിൽനിന്ന് മൂന്നും നാലും മീറ്ററുകൾ താഴ്ചയിലാണ് കുട്ടനാട്ടിലെ കൃഷിയിടങ്ങൾ. കൃഷിയുടെ ഇടവേളകളിൽ പാടശേഖരത്തിൽ വെള്ളം കയറ്റുമ്പോൾ പലപ്പോഴും റോഡുകളും വഴികളും വെള്ളത്തിനടിയിൽ പോകും. ഇത് ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളെ താറുമാറാക്കുന്നുണ്ട്.
ഇവിടത്തെ റോഡുകൾക്ക് താങ്ങാനാവാത്ത ഭാരവുമായി എത്തുന്ന വാഹനങ്ങളെ തടഞ്ഞു നിർത്താൻ നിയമങ്ങൾ ഉണ്ടാവണം. പാടശേഖരങ്ങളിൽ നിയന്ത്രിത രീതിയിൽ മാത്രം വെള്ളം നില നിർത്തണമെങ്കിൽ മോട്ടർ വാടക, ഡ്രൈവർ കൂലി, വൈദ്യുതി ചാർജ് എന്നിവയും ഇന്ന് കർഷകൻ തന്നെ മുടക്കേണ്ടിവരുന്നു. ഈ ചെലവ് എന്നിവ സർക്കാർ വഹിച്ചാൽ റോഡുകളും വഴികളും സുരക്ഷിതമായി നിലനിർത്താനും കഴിയും.

നദികളുടേയും കായലുകളുടേയും ആഴം കുറഞ്ഞിരിക്കുന്നു. അതിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശുദ്ധത കുറഞ്ഞിരിക്കുന്നു. ഇതു രണ്ടും കൃഷിയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. നദികളുടേയും കായലുകളുടേയും ആഴം കൂട്ടുമ്പോൾ മലിനജലം വേഗം ഒഴുകി മാറുകയും ശുദ്ധജലം എത്തുകയും ചെയ്യും. അതുപോലെ അവയുടെ സംഭരണ ശേഷി കൂടുന്നത് വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുകയും ചെയ്യും.

കൃഷിയും വിനോദ സഞ്ചാരവും ഇത്രയേറെ ബന്ധപ്പെട്ടുനില്ക്കുന്ന കുട്ടനാടിനെ രക്ഷിക്കാൽ കഴിയണം. കാരണം ഇത്ര സുന്ദരമായ, വൈവിധ്യങ്ങൾ നിറഞ്ഞ ഒരു പ്രദേശം വേറെ ഇല്ല. ഇത് പ്രകൃതിയുടെ ദാനമാണ്. അത് അറിഞ്ഞു കൊണ്ട് നശിപ്പിക്കരുത്. അതിനായി ഇവിടുത്തെ കൃഷിയെ സംരക്ഷിക്കണം; ഇത്തവണ പരാതിയില്ലാത്ത ഒരു സംഭരണ കാലം ഉണ്ടാവാൻ സർക്കാരിന് കഴിയണമെന്നാണ് കർഷകരുടെ ആഗ്രഹം.