കോഴിക്കോട്. താമരശേരി താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. പ്രസവ വേദനയുമായെത്തിയ താമരശേരി സ്വദേശിനിയെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞ്, അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കൽ കോളേജിലേക്ക് അയച്ചെന്നാണ് ആരോപണം. പ്രസവശേഷം തലച്ചോറിന് ക്ഷതമേറ്റ കുട്ടി രണ്ട് മാസത്തിലേറെയായി വെന്റിലേറ്ററിലാണ്. സംഭവത്തിൽ ഡി.എം.ഒ യുടെ പ്രാഥമിക അന്വേഷണം തുടങ്ങി.
കഴിഞ്ഞ ഡിസംബർ 13 ന് രാത്രിയാണ് പുതുപ്പാടി സ്വദേശിയായ ബിന്ദു. പ്രസവ വേദനയെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. എന്നാൽ, ഗൈനക്കോളജി ഡോക്‌ടർ ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങി.
മെഡിക്കൽ കോളജിലേക്ക് എത്തിയപ്പോഴേക്കും ശ്വാസം കിട്ടാതെ കുഞ്ഞിൻ്റെ തലച്ചോറിന് ക്ഷതം സംഭവിച്ചു. പിന്നീടിങ്ങോട് രണ്ട് മാസത്തിലേറെയായി കുഞ്ഞ് വെൻ്റിലേറ്ററിലാണ്.
വാടകവീട്ടിലാണ് ഭർത്താവ് ഗിരീഷുമൊത്ത് ബിന്ദുവിൻ്റെ താമസം. നല്ലൊരു തുക ഇപ്പോൾ തന്നെ വാടകയിനത്തിൽ കൊടുത്തു തീർക്കാനുണ്ട്. കുഞ്ഞിൻറെ ചികിത്സാ ചിലവ് കൂടിയാകുമ്പോൾ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് ഇവർക്കറിയില്ല. കുഞ്ഞിൻ്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം.