തിരുവനന്തപുരം. വർക്കലയിൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ഇരുപതോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു.വർക്കല ക്ഷേത്രം റോഡിലെ സ്പൈസി റസ്റ്റോറന്റിൽ നിന്നും കഴിഞ്ഞ ദിവസം വൈകിട്ടും രാത്രിയിലും മാംസാഹരം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം കഴിച്ചതിനുശേഷം ദേഹാസ്വാസ്ഥ്യം, വയറിളക്കം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഇവരുടെ ആരോഗ്യ നില തൃപ്തികരം. സംഭവത്തിന് ശേഷം സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും നഗരസഭ ഹെൽത്ത് സ്ക്വാഡും നടത്തിയ പരിശോധനയിൽ റസ്റ്റോറിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ പൂട്ടിച്ചു.