വാർത്താനോട്ടം

Advertisement

2024 മാർച്ച് 02 ശനി

🌴കേരളീയം🌴

🙏സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം,
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്.

🙏ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത് എന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തിന് കേന്ദ്ര സഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

🙏പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 19 പേര്‍ക്ക് 3 വര്‍ഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേര്‍ക്ക് പുറമെ ഒരാള്‍ക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

🙏സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കേസില്‍ പ്രതിയായ ഒരാള്‍കൂടി ഇന്നലെ കീഴടങ്ങിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന മൂന്നുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി.

🙏സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡീനെയും പ്രതിയാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

🙏സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന സന്ദേശവും ശിവന്‍കുട്ടി അറിയിച്ചു.

🙏മെയ് ഒന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കണമെന്ന് ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒമാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നിര്‍ദേശം.

🙏ശബരി കെ റൈസ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഭാരത് അരിക്ക് ബദലായി കേരളം തയ്യാറാക്കുന്ന ശബരി കെ റൈസ് വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ്. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്ന് ഏത് കാര്‍ഡ് ഉടമയ്ക്കും 10 കിലോ അരി വീതം വാങ്ങാം.

🙏വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിപിഎം നേതാവ് പി.ജയരാജന്‍. ഇരയെന്ന നിലയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും കേസിന്റെ കാര്യത്തില്‍ കോടതി കാണിച്ചത് നീതീകരിക്കാനാകാത്ത ധൃതിയാണെന്നും ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

🙏ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ബുക്കിനുള്ള നിരക്ക് 30 രൂപയാക്കി ഉയര്‍ത്തിയ സര്‍ക്കുലറിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ സൂപ്രണ്ട്
തീരുമാനം പിന്‍വലിച്ചു.

🙏ദേശീയഗാനം തെറ്റിച്ച് പാടിയ ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ പരാതി. സമരാഗ്നി പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ആണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി കാര്‍ത്തികേയന്‍ തമ്പിയാണ് പാലോട് രവിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

🙏നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു.

🙏ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി പിഎസ്സി മാതൃകയിലുള്ള സംവരണം . അധ്യാപക അനധ്യാപക നിയമനങ്ങളിലാണ് ഈ മാതൃക നടപ്പാക്കുന്നത്. മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈ തീരുമാനമെടുത്തതിനെ തുടര്‍ന്ന്, തീരുമാനം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി .

🙏സ്‌കൂള്‍ വാനില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് തൃശൂര്‍ പറവട്ടാനിയില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജെറിന്‍ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏ലോക്‌സഭാ തിരഞ്ഞെടുപ്പും നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണവേളകളിലടക്കം പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

🙏മോദിയുടെ കുടുംബം ജനങ്ങളാണെന്നും ജനങ്ങളുടെ ക്ഷേമമാണ് മോദിക്ക് വലുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരന്റിയില്‍ ഇന്ത്യ വിശ്വസിക്കുന്നുവെന്നും കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്നവയാണെന്നും മോദി കുറ്റപ്പെടുത്തി.

🙏സന്ദേശ്ഖാലി വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോപണവിധേയനായ നേതാവിനെ തൃണമൂല്‍ സംരക്ഷിക്കുകയായിരുന്നുവെന്നും മമതയ്ക്ക് നാണമില്ലേയെന്നും പ്രധാനമന്ത്രി ചോദിച്ചു.

🙏വര്‍ഗീയത ഉളവാക്കുന്നതും വിദ്വേഷം പ്രചരപ്പിക്കുന്നതുമായ ടെലിവിഷന്‍ വാര്‍ത്താ പരിപാടികള്‍ നീക്കം ചെയ്യണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ് അതോറിറ്റി.

🙏ബാംഗ്ലൂരിലെ രാമേശ്വരം കഫേയില്‍ ബോംബ് സ്‌ഫോടനം. പരിക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. കഫേയില്‍ ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സ് പ്രായമുള്ള ആളാണെന്ന് കണ്ടെത്തി.

🙏ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടിയ സംഭവത്തില്‍ ലോക്കോ പൈലറ്റായ സന്ദീപ് കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു.

🙏രാജ്യത്തെ 225 രാജ്യസഭ എംപിമാരില്‍ 33 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 40 എംപിമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എഡിആറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 225 പേരില്‍ 31 പേര്‍ കോടീശ്വരന്മാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

🇦🇺 അന്തർദേശീയം 🇦🇽

🙏അഫ്ഗാനിസ്ഥാനില്‍ നിന്ന് മലയാളിയായ ഐഎസ് ഭീകരന്‍ പിടിയിലായതായി റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്തത് അഫ്ഗാനിസ്ഥാനി ഏജന്‍സികള്‍ ആണെന്നാണ് സൂചന. അറസ്റ്റ് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമിനെയാണ്. ഇയാളുടെ പാസ്പോര്‍ട്ടും ഫോട്ടോ അടക്കമുള്ള മറ്റു വിവരങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.

🏏 കായികം🏏

🙏വനിത പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് യുപി വാരിയേഴ്സ്. ഗുജറാത്ത് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുപി വാരിയേഴ്സ് അടിച്ചെടുത്തു