സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികള്‍ കരുനാഗപ്പള്ളിയില്‍നിന്നും പിടിയില്‍

Advertisement

കരുനാഗപ്പള്ളി.പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയില്‍. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് സിന്‍ജോയെ വയനാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിന്‍ജോ ജോണ്‍. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ ഇവരുള്‍പ്പെടെ കേസില്‍ മുഖ്യപ്രതികളായ നാലുപേര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിന്‍ജോ ജോണിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുവീട്ടില്‍ നിന്ന് സിന്‍ജോയെ പൊലീസ് പിടികൂടിയത്. കേസില്‍ 31 പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

സിഞ്ജോയും കാശിനാഥനും ഉള്‍പ്പെടെ നാലു പേര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടയിലാണ് സിഞ്ജോ അറസ്റ്റിലായത്. കേസില്‍ സിദ്ധാര്‍ത്ഥനെ ഏറ്റവും കൂടുതല്‍ തവണ മര്‍ദ്ദിച്ചവരില്‍ ഒരാളാണ് സിഞ്ജോയെന്നാണ് സിദ്ധാര്‍ത്ഥന്റെ പിതാവ് നേരത്തേ ആരോപിച്ചത്. ഇയാളാണ് വിവരം പുറത്തുപറയരുതെന്ന് ഹോസ്റ്റലിലുണ്ടായിരുന്ന മറ്റു കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തത്. സിഞ്ജോ ഒളിവില്‍ പോയതിന് പിന്നാലെ ഇയാളുടെ ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് പോലീസ് രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു. കൊല്ലത്തും ഏതാനും ദിവസമായി തെരച്ചിലിലായിരുന്നു.

അതീവരഹസ്യമായിട്ടായിരുന്നു പോലീസിന്റെ നീക്കം. നാലുപേരില്‍ രണ്ടുപേര്‍ ഇപ്പോള്‍ തന്നെ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. ഇനി പിടിയിലാകാന്‍ അഞ്ചുപേര്‍കൂടിയാണ് ബാക്കിയുള്ളത്. പോലീസ് 18 പേരെയാണ് പ്രതിപട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. മരണം നടന്ന 13 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. കഴിഞ്ഞ 18 നായിരുന്നു സിദ്ധാര്‍ത്ഥിനെ മരണമടഞ്ഞതായി കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലും പരിസരപ്രദേശങ്ങളുമടക്കം നാലിടങ്ങളില്‍ വെച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചത്.