പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് മുന്നില്‍ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

Advertisement

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് മുന്നില്‍ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലേക്ക് ഇന്ന് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. പ്രതികളെ സംരക്ഷിക്കുന്നെന്നും പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നു എന്നും ആരോപിച്ച് കോണ്‍ഗ്രസിന്റെ വയനാട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്്.

കോളേജിന്റെ പ്രവേശന കവാടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടയുടയായിരുന്നു. തുടര്‍ന്ന് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും നടന്നു. നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. വനിതകള്‍ ഉള്‍പ്പെട്ട നൂറോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്. കോളേജിന്റെ കവാടത്തില്‍ സെക്യൂരിറ്റി റൂമിന് സമീപത്തെ കെട്ടിടത്തിന് മുകളില്‍ കയറി നിന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പോലീസ് ഇവിടെ ബാരിക്കേഡ് തീര്‍ത്തിരുന്നു. ഇത് തള്ളിമാറ്റാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇന്നലെ തന്നെ പോലീസിന്റെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞദിവസം സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് പിന്തുണ നല്‍കി സിപിഎം സ്ഥാപിച്ച ബോര്‍ഡിനെതിരേ കുടുംബം രംഗത്ത് വന്നിരുന്നു. ഇതോടെ ഇവര്‍ ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ പകരം വന്നിട്ടുള്ളത് കെ.എസ്.യു.വിന്റെ ബോര്‍ഡ്. സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നില്‍ എസ്എഫ്ഐ ആണെന്ന് ആരോപിച്ചും ബോര്‍ഡിനെതിരേയും കുടുംബം തന്നെ രംഗത്ത് വന്നതോടെയാണ് രായ്ക്ക് രാമാനം ഫ്ളക്സ്ബോര്‍ഡ് സിപിഎം ലോക്കല്‍കമ്മറ്റി എടുത്തുമാറ്റിയത്.

ഇപ്പോള്‍ ‘എസ്എഫ്ഐ കൊന്നതാണ്’ എന്നാരോപിച്ച് കെ.എസ്.യു. ബോര്‍ഡ് സ്ഥാപിച്ചു. സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നത്. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

Advertisement