പട്ടാമ്പി നേർച്ചയ്ക്ക് എത്തിച്ച ആനയെ ലോറിയിൽ കൊണ്ടുപോകുന്നതിനിടെ വിരണ്ടോടിയ സംഭവത്തിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. സമീപത്തെ വീടുകൾക്ക് സമീപത്തുകൂടെ പോയ ആന പലതും തല്ലിത്തകർത്തു. വാളയാർ – വടക്കഞ്ചേരി പാത മുറിച്ചു കടന്ന ആന ഒരു ഓട്ടോ തകർത്തു. ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു. ആടിനെ മേയ്ക്കുന്നതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി കാന്തസ്വാമിയ്ക്കാണ് ചവിട്ടേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില തൃപ്തികരമാണ്. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോർട്ടുണ്ട്.
പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് സംഭവം. മുത്തു എന്ന അക്കരമേൽ ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്. ആളൊഴിഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ച ആന ശാന്തനായതോടെ പാപ്പാന്മാര് പഴവും മറ്റും എറിഞ്ഞുകൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് തളച്ചത്.