വാർത്താനോട്ടം

Advertisement

2024 മാർച്ച് 04 തിങ്കൾ

BREAKlNG NEWS

👉 കാസർകോട് ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊന്നു.

👉കാസർകോട് കുറ്റിക്കോൽ നൂഞ്ഞങ്ങാനത്ത് അശോകൻ ( 45 ) ആണ് മരിച്ചത്.ജേഷ്ഠൻ ബാലകൃഷ്ണനെ പോലീസ് പിടികൂടി.

👉 പേട്ടയിൽ നിന്ന് 2 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പിടിയിലായ പ്രതി ഹസൻകുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

👉ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടിയ ആന പാലക്കാട് അമ്പാട്ട് വീട്ട് മുറ്റത്ത് തളച്ചു.

👉വിരണ്ട് ഓടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്, ആടിനേയും രണ്ട് പശുവിനെയും കൊന്ന ആന ഒരു വീടും കടയും തകർത്തു.

👉ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പട്ടാമ്പി നേർച്ചയ്ക്കായി കൊണ്ട് വന്ന ആനയാണ് ലോറിയിൽ നിന്ന് ഇറങ്ങിയോടിയത്.

👉കായംകുളം കണ്ണമ്പള്ളിയിൽ ഉത്സവത്തിനിടെ ലാത്തിച്ചാർജ്ജ്.10 പേർക്ക് പരിക്ക്.

🌴 കേരളീയം 🌴

🙏എസ്.എസ്.എല്‍.സി. പരീക്ഷ ഇന്നുമുതല്‍. പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

🙏സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന്
മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം.

🙏സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും പ്രതിദിനം പിന്‍വലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്.

🙏ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിന്‍വലിക്കുന്നതിന് തടസമില്ലാത്തത് കാരണം മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ക്ക് ശമ്പളം ലഭിച്ചെന്ന് സൂചന. ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ശമ്പളം എത്തുന്നത്.

🙏രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി മുന്‍പ് പോക്സോ കേസില്‍ പ്രതി. 2022ല്‍ ഇയാളെ പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ആര്‍പിഎഫിന്റെ പിടിച്ചുപറിക്കേസിലും ഇയാള്‍ പ്രതിയാണ്.

🙏പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ഹോസ്റ്റലില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. സിദ്ധാര്‍ത്ഥനെ ആക്രമിച്ച കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായി എത്തിയാണ് തെളിവെടുപ്പ് നടത്തിയത്.

🙏സിന്‍ജോ ജോണ്‍സണുമായി നടത്തിയ തെളിവെടുപ്പില്‍ സിദ്ധാര്‍ത്ഥിനെ ആക്രമിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി. സിദ്ധാര്‍ത്ഥനെ മര്‍ദിച്ച് കൊന്നതാണെന്ന് കോളജിലെ ഒരു വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു.

🙏പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ചിഞ്ചുറാണി.

🙏സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

🙏സിദ്ധാര്‍ഥിന് മര്‍ദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചുവെന്ന് സസ്പെന്‍ഷനിലായ മുന്‍ വി സി ശശീന്ദ്രനാഥ്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീന്‍ തന്നോട് പറഞ്ഞതെന്നും റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

🙏സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്നും, പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം ശ്രമം നടത്തുന്നുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

🙏കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതാണ് ആറ്റിങ്ങലിലെ തന്റെ വിജയ സാധ്യതയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ എംപി വേണോ ഭരണപക്ഷത്തെ എംപി വേണോ എന്നത് ജനങ്ങളാണ് നോക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

🙏ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനില്‍ ആന്റണിക്ക് സീറ്റ് നല്‍കിയതില്‍ നേതൃത്വത്തെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കര്‍ഷക മോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെതിരെ നടപടി. അനിലിന്റെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യനടപടിയെന്നാണ് പോസ്റ്റില്‍ പറയുന്നത്.

🙏മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റസ് രോഗബാധയില്‍ ആശങ്ക തുടരുന്നു. പോത്തുകല്ല് മേഖലയില്‍ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേര്‍ക്കാണ്. അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്നും, സ്വയം ചികിത്സ ഒഴിവാക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

🙏റാഗിംഗ് നടത്തി എന്നാരോപിച്ച് കൊയിലാണ്ടി കൊല്ലം ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചെന്ന് പരാതി.

🙏കോഴിക്കോട് ദേവഗിരി സേവിയോ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മെഡിക്കല്‍ കോളേജ് കാമ്പസിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂര മര്‍ദ്ദനം. നിസാര കാരണത്തിനാണ് മര്‍ദ്ദനമെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

🇳🇪 ദേശീയം 🇳🇪

🙏കര്‍ഷക സമരത്തില്‍ ഇനി തുടര്‍ സമരങ്ങള്‍. ബുധനാഴ്ച ദില്ലിയില്‍ ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പത്തിന് രാജ്യ വ്യാപകമായി തീവണ്ടികള്‍ തടയുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.

🙏ജനലക്ഷങ്ങള്‍ പങ്കെടുത്ത ഇന്ത്യ സഖ്യത്തിന്റെ ആദ്യ സംയുക്ത റാലി ബിഹാറിലെ പാറ്റ്നയില്‍ നടന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണകളുടെ രാജാവെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാറ്റ്‌നയില്‍ നടന്ന ആര്‍ജെഡിയുടെ ജന്‍ വിശ്വാസ് മഹാറാലിയില്‍ പങ്കെടുത്ത്
സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

🙏പാകിസ്താനിലേതിന്റെ ഇരട്ടിയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജി എസ് ടി യും നടപ്പിലാക്കി രാജ്യത്തെ ചെറുകിട സംരംഭങ്ങള്‍ മോദി സര്‍ക്കാര്‍ തകര്‍ത്തതാണ് തൊഴിലില്ലായ്മയ്ക്ക് കാരണമെന്നും രാഹുല്‍ വിമര്‍ശിച്ചു.

🙏ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മധ്യപ്രദേശിലെ 29 മണ്ഡലങ്ങളില്‍ 24 ഇടത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ
സിന്ധ്യയ്ക്കും സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭോപ്പാല്‍ സിറ്റിങ് എംപിയായിരുന്ന വിവാദ നേതാവ് പ്രഗ്യ സിങ് ഠാക്കൂറിനെ ഒഴിവാക്കി.

🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് 30 വര്‍ഷത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹര്‍ഷ് വര്‍ധന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താന്‍ രാഷ്ട്രീയം മതിയാക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

🙏ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. ഇന്നലെ മന്ത്രിസഭ യോഗത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ മന്ത്രിമാരായ രോഹിത്ത് താക്കൂര്‍, ജഗത് നേഗി എന്നിവര്‍ ഇറങ്ങിപ്പോയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.

🙏ലോക്കോ പൈലറ്റുകള്‍ മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് മാച്ച് കണ്ടതാണ് 2023 ഒക്ടോബര്‍ 29ന് ആന്ധ്ര പ്രദേശില്‍ നടന്ന ട്രെയിന്‍ ദുരന്തത്തിന്റെ കാരണമെന്ന് വെളിപ്പെടുത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തില്‍ 14പേരാണ് മരിച്ചത്. 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

🙏രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ ടണല്‍ മാര്‍ച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച തുരങ്കം വഴി കൊല്‍ക്കത്ത മെട്രോ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.

🙏ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായി കഴിഞ്ഞ 5 വര്‍ഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ 28 കാരിയായ സ്പാനിഷ് വ്ളോഗറെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍.

🇦🇺 അന്തർദേശീയം 🇦🇽

🙏പാകിസ്ഥാനില്‍ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിലാണ് ദേശീയ അസംബ്ലി വോട്ടെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.

🙏2022 ഒക്ടോബറില്‍ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ട നിലയില്‍. കശ്മീരിലെ പുല്‍വാമ
സ്വദേശിയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ്
ഇയാള്‍.

🏏 കായികം 🏏

🙏ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ചതോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഒന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്