ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവർ ചെയ്യാൻ പാടില്ലാത്തത് ചെയ്തു,സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ മാപ്പ് ചോദിച്ച്‌ എസ്‌എഫ്‌ഐ

Advertisement

തിരുവനന്തപുരം.പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ മാപ്പ് ചോദിച്ച്‌ എസ്‌എഫ്‌ഐ. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സല്‍ ചാനല്‍ ചർച്ചയില്‍ പറഞ്ഞു.
സിദ്ധാര്‍ത്ഥിന്‌റെ മരണത്തില്‍ കുടുംബത്തിന് മുന്നില്‍ തലകുനിക്കുകയാണ്. സംഘടന തെറ്റ് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തും. ഇപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് മുന്നില്‍ തലകുനിച്ച്‌ നില്‍ക്കുകയാണ്. കുടുംബത്തോട് മാപ്പ് ചോദിക്കുകയാണെന്നും അഫ്സല്‍ പറഞ്ഞു.

വിദ്യാർത്ഥിയുടെ വീട്ടില്‍പോയി സംസ്ഥാന പ്രസിഡന്റ് അച്ഛനോടും അമ്മയോടും മാപ്പ് പറഞ്ഞുവെന്നും അഫ്സല്‍ വെളിപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ കുടുംബത്തെ സന്ദർശിച്ചത് പറയാനുള്ളത് മുഴുവനും കേട്ട് തലകുനിച്ചുനിന്നതായാണ് അഫ്സല്‍ പറഞ്ഞത്. ”ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവർ ചെയ്യാൻ പാടില്ലാത്തത് ചെയ്തു. അതുവച്ചുപൊറുപ്പിക്കാനാവില്ല. എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ സംഘടന ആഗ്രഹിക്കുന്നതരത്തില്‍ നയിക്കാൻ കഴിയാത്തത്, ഒറ്റപ്പെട്ട സംഭവമാണെങ്കില്‍പോലും അംഗീകരിക്കാൻ കഴിയില്ല. ഇതില്‍ ഞങ്ങള്‍ തല കുനിക്കുകയാണ്. മാപ്പപേക്ഷിക്കുകയാണ്. സംഘടന ആത്മപരിശോധന നടത്തും”- അഫ്സല്‍ പറഞ്ഞു.