കൂരാച്ചുണ്ടിൽ ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി

Advertisement

കോഴിക്കോട് കൂരാച്ചുണ്ടിൽ ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി. ചാലിടം ടൗണിൽ ഇറങ്ങിയ കാട്ടുപോത്താണ് നാട്ടുകാർക്ക് ആശങ്ക സൃഷ്ടിക്കുന്നത്. വനം വകുപ്പെത്തി കാട്ടുപോത്തിനെ തുരത്താൻ ശ്രമം തുടങ്ങി.

ഇന്നലെ രാത്രി ഓട്ടപാലം, കാളങ്ങാലി ഭാഗത്ത് എത്തിയ കാട്ടുപോത്താണ് ഇന്ന് പുലർച്ചെയോടെ ചാലിടം ടൗണിൽ എത്തിയത്. കടകളുടെയും വീടുകളുടെയും മുന്നിലൂടെ കാട്ടുപോത്ത് ഭീതി പരത്തി ഓടി നടന്നു. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.
പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപോത്തിനെ തുരത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് കലക്ടർക്ക് കത്ത് നൽകി.
കാട്ടുപോത്ത് ഇറങ്ങിയതിന്റെ പശ്ചാത്തലത്തിൽ കൂരാച്ചുണ്ട് സെൻറ് തോമസ് യുപി സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവണ്ണാമൂഴി വനമേഖലയിൽ നിന്നാണ് കാട്ടുപോത്ത് എത്തിയത് എന്നാണ് സംശയം. കാട്ടുപോത്ത് ഇറങ്ങിയ സാഹചര്യത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി.

Advertisement