വാർത്താനോട്ടം

Advertisement

2024 മാർച്ച് 06 ബുധൻ

BREAKING NEWS

👉 ആതിരപ്പള്ളി എണ്ണപ്പന തോട്ടത്തിൽ രണ്ട് കാട്ടാനകളെത്തി.

👉 വന്യമൃഗശല്യം :വനം മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

👉സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന

🌴 കേരളീയം 🌴

🙏 വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ടു മരണം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകനായ പാലാട്ടില്‍ എബ്രഹാമും തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ കാട്ടാന ആക്രമണത്തില്‍ വാച്ചുമരം കോളനിയില്‍ രാജന്റെ ഭാര്യ വത്സലയുമാണ് മരിച്ചത്.

🙏 പെരിങ്ങല്‍ക്കുത്തിലെ കാട്ടാന ആക്രമണത്തില്‍ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടകള്‍ അടച്ചിട്ട് കരിദിനം ആചരിക്കും. കക്കയത്ത് കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

🙏 കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ഇന്ന് കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അതേസമയം തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വത്സലയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ 5 ലക്ഷം രൂപ ഇന്ന് നല്‍കാനും തീരുമാനമായി.

🙏 കക്കയത്ത് എബ്രഹാമിനെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളില്‍ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വനപാലകരെ ഉള്‍പ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

🙏 പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറിന് മുകളില്‍ നിരത്തിയിരുന്ന പലകകള്‍ ഒടിഞ്ഞ് കിണറ്റിലേക്ക് വീണു. കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷമാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പത്തനംതിട്ട അടൂര്‍ വയല പരുത്തിപ്പാറയിലെ പ്ലാവിയില്‍ വീട്ടില്‍ എലിസബത്തിനെ ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷിച്ചത്.

🙏 കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനലിന്റെ സമര്‍പ്പണം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി രാവിലെ പത്ത് മണിക്ക് മെട്രോ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇന്ന് തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും.

🙏മാത്യു കുഴല്‍നാടന്റേയും മുഹമ്മദ് ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും. കോടതി ജാമ്യാപേക്ഷയിലെ വാദം ഇന്ന് കേള്‍ക്കും. കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇന്ദിരയുടെ മരണത്തില്‍ പ്രതിഷേധിച്ചതിനെതിരെ തിങ്കളാഴ്ച രാത്രിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

🙏 തട്ടിപ്പുകേസില്‍ തന്നെ കൂട്ടുപ്രതിയാക്കാന്‍ ശ്രമം
നടക്കുന്നുവെന്ന് കെ സുധാകരന്‍ എംപി . ഈ കേസില്‍ പ്രതിയാക്കി തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🙏 വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ ആണ് ട്രെയിന്‍ യാത്രക്കിടെ മോശമായി പെരുമാറിയതിന് പിടിയിലായത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനില്‍ നടന്ന സംഭവത്തില്‍, വിദേശ വനിത പരാതി നല്‍കിയിരുന്നു.

🙏 പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീന്‍ എം.കെ. നാരായണനെയും അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനെയും സസ്പെന്‍ഡ് ചെയ്തു. ഇരുവരും നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ്, വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പിസി ശശീന്ദ്രന്‍ ഉത്തരവിറക്കിയത്.

🙏 എറണാകുളം,
തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു.

🙏 സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അധികാരം നല്‍കുന്നതായിരുന്നു ബില്‍. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

🙏മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് മസാല ബോണ്ട് കേസില്‍ ഇ ഡി വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 12 ന് ഹാജരാകണം. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണം.

🙏പാലക്കാട്
ചെര്‍പ്പുളശ്ശേരിയില്‍ മദ്യപിച്ചെത്തിയ മകന്‍ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ കോളനിയില്‍ കറുപ്പന്‍ (73) ആണ് കൊലപ്പെട്ടത്. മകന്‍ സുഭാഷ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 രാജ്യത്തെ ജനങ്ങള്‍ ദിവസം മുഴുവന്‍ മൊബൈലും നോക്കിയിരുന്ന് ജയ് ശ്രീറാം വിളിച്ച് പട്ടിണി കിടന്ന് മരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ സാരംഗ്പുരില്‍ ഭാരത് ജോഡോ ന്യായ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

🙏 ഡി.കെ.
ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രിംകോടതി റദ്ദാക്കി. 2019 സെപ്തംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്നും അന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു.

🙏 ബെംഗളൂരുവില്‍ ബോംബ് സ്ഫോടന ഭീഷണി. ഇ-മെയില്‍ വഴി സന്ദേശം വന്നിരിക്കുന്നത് വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ കര്‍ണാടക യാദ്ഗിര്‍ സ്വദേശിയായ മുഹമ്മദ് റസൂല്‍ അറസ്റ്റില്‍. ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാള്‍ വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

🙏 ഹൈക്കോടതി ജഡ്ജി സ്ഥാനം രാജി വെച്ച അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയിലേക്ക്. രാജികത്ത് രാഷ്ട്രപതിക്കും, ചീഫ് ജസ്റ്റിസിനും കൈമാറിയ ശേഷമാണ് ബിജെപിയില്‍ ചേരുന്ന കാര്യം അഭിജിത്ത് ഗംഗോപാധ്യായ പ്രഖ്യാപിച്ചത്.

🙏ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള
കേസുകളില്‍ കുറ്റാരോപിതനായ സന്ദേശ്ഖലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സി.ബി.ഐക്ക് കൈമാറാന്‍ വിസമ്മതിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍.

🙏 ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇസ്രയേലില്‍ ഉള്ളവര്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും +972 35226748 എന്ന നമ്പറില്‍
ബന്ധപ്പെടാം.

🇦🇺 അന്തർദേശീയം 🇦🇽

🙏 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ ഇന്നലെ രാത്രി ഒരു മണിക്കൂറോളം തടസ്സം നേരിട്ടെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനം സുഗമമായി. ഇന്നലെ രാത്രി 8.45നു ശേഷമാണ് അക്കൗണ്ടുകളില്‍ തടസ്സം നേരിട്ടത്.

🙏 ഹവായി ദ്വീപായ കവായിയില്‍ 1,400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റില്‍ മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വലിയൊരു ഭൂഗര്‍ഭ ബങ്കര്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 5,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഏകദേശം 2000 കോടി രൂപ ചിലവിലാണ് സക്കര്‍ബര്‍ഗ് ബങ്കര്‍ നിര്‍മിക്കുന്നതെന്നാണ് വിവരം.

കായികം 🏏

🙏കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ ഷൂട്ടൗട്ടില്‍ മിസോറമിനോട് തോറ്റ് സെമി കാണാതെ പുറത്ത്. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാഞ്ഞതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ച മത്സരം സഡന്‍ഡത്തിലേക്ക് കടക്കുകയായിരുന്നു.

🙏 വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 29 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ

Advertisement