ന്യൂഡെല്‍ഹി.കേന്ദ്ര സർക്കാരിൻ്റെ ഭാരത് റൈസിന് ബദലായി കേരളം പുറത്തിറക്കുന്ന ശബരി കെ റൈസിൻ്റെ വിതരണം ഈ മാസം 12ന് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ജയ, കുറുവ, മട്ട എന്നീ അരികളാണ് കെ റൈസിലൂടെ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. മസ്റ്ററിങ് കാരണമാണ് റേഷൻ വിതരണം തടസ്സപ്പെട്ടതെന്നും ഈ മാസം 10 വരെ മസ്റ്ററിംഗ് നിർത്തിവെച്ചെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ സപ്ലൈകോ സബ്സിഡി നിരക്കിൽ അനുവദിക്കുന്നത് 10 കിലോ അരിയാണ്. ഈ 10 കിലോയിൽ നിന്നാണ് 5 കിലോ കെ റൈസ് സർകാർ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. 29 രൂപക്ക് ജയ അരിയും, 30 രൂപക്ക് കുറുവ അരിയും മട്ട അരിയും വിതരണം ചെയ്യും. അഞ്ച് കിലോ പാക്കറ്റ് ആയാണ് വിതരണം. ഏതെങ്കിലും ഒരിനം അരി പ്രതിമാസം അഞ്ച് കിലോ വീതം സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വാങ്ങിക്കാം.
തുടർച്ചയായി റേഷൻ വിതരണം തുടങ്ങിയതോടെ മസ്റ്ററിംഗ് നടപടികൾ തൽക്കാലം നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഈ മാസം 10 വരെ മസ്റ്ററിംഗ് നടക്കില്ല. 15 ,16 ,17 തീയതികളിൽ റേഷൻ കടകൾക്ക് സമീപമുള്ള പൊതുസ്ഥലങ്ങളിൽ വച്ച് മസ്റ്ററിംഗ് നടത്തും. ഈ ദിവസങ്ങളിൽ റേഷൻ വിതരണം നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
അടുത്തയാഴ്ച തന്നെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും സബ്സിഡി സാധനങ്ങൾ എത്തിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.