യു കലാനാഥൻ അന്തരിച്ചു

Advertisement

മലപ്പുറം: യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതാവ് യു കലാനാഥൻ അന്തരിച്ചു.84 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു കോച്ചിഅമ്മയുടെയും മകനായി ജനിച്ച കലാനാഥൻ വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ, ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവർത്തകനായിരുന്നു. 1960 മുതൽ സിപിഐ, സിപിഐഎം പ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിച്ചു.

കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു. ഗുരുവായൂരിൽ കൊടിമരം സ്വർണ്ണം പൂശുന്നതിനെതിരെ 1977-ൽ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം നൽകി. സമരം കയ്യേറിയ ആർഎസ്എസുകാരുടെ മർദ്ദനം ഏൽക്കേണ്ടിവന്നിട്ടുണ്ട്.

1981-ൽ ശബരിമലയിൽ മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴി ബലി അവസാനിപ്പിക്കുന്നതിനുവേണ്ടിയും നിയമനടപടികൾ സ്വീകരിക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. ആത്മാവ് സങ്കൽപമോ യാഥാർത്ഥ്യമോ?, ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ?, മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവിൽകോഡും എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ എഴുതിവെച്ചതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യും. എം കെ ശോഭനയാണ് ഭാര്യ. മകന്‍: ഷെമീര്‍

Advertisement