രണ്ട് സര്‍വകലാശാല വിസിമാരെ ഗവര്‍ണര്‍ പുറത്താക്കി

Advertisement

തിരുവനന്തപുരം. നിയമനത്തില്‍ യു.ജി.സി ചട്ടവും മാനദണ്ഡവും പാലിക്കാത്തതിനെ തുടര്‍ന്ന് രണ്ട് സര്‍വകലാശാല വി.സിമാരെ ഗവര്‍ണര്‍ പുറത്താക്കി. കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ.എം.ജെ.ജയരാജ്, സംസ്‌കൃത സര്‍വകലാശാല വി.സി ഡോ. എം.വി.നാരായണന്‍ എന്നിവരെയാണ് പുറത്താക്കിയത്. ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാല വി.സിമാരുടെ കാര്യത്തില്‍ യുജിസിയുടെ അഭിപ്രായം തേടി.

ഹിയറിംഗ് നടത്തിയതും യുജിസിയുടെ അഭിപ്രായം തേടിയ ശേഷവുമാണ് വി.സിമാരെ ഗവര്‍ണര്‍ പുറത്താക്കിയത്. ഇവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പത്ത് ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷമാകും സര്‍വകലാശാലകളില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുക. സെലക്ട് കമ്മിറ്റിയില്‍ ഒറ്റപ്പേര് മാത്രം വന്നതാണ് സംസ്‌കൃത സര്‍വകലാശാല വി.സിക്ക് തിരിച്ചടിയായത്. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ടുവെന്നതാണ് കാലിക്കറ്റ് സര്‍വകലാശാല വി.സിയെ പുറത്താക്കാന്‍ കാരണം. ഓപ്പണ്‍ സര്‍വകലാശല വി.സി പി.എം.മുബാറക് പാഷ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നുവെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ല. ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാല വി.സിമാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ യു.ജി.സിയോട് അഭിപ്രായം തേടി. ഇവരടക്കം 12 വി.സിമാര്‍ക്കാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ സാങ്കേതിക, ഫിഷറീസ്, കണ്ണൂര്‍ വി.സിമാരെ കോടതികള്‍ പുറത്താക്കിയിരുന്നു. മറ്റു സര്‍വകലാശാല വി.സിമാര്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞു. ബാക്കിയുള്ള നാലു വി.സിമാരുടെ കാര്യത്തിലാണ് ഗവര്‍ണറോട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

Advertisement