തിരുവനന്തപുരം. പത്മജാ വേണുഗോപാലിന്റെ ബിജെപിയിലെടുത്തുള്ള കരുനീക്കത്തില്‍ പ്രതിരോധത്തിലായി കോൺഗ്രസ്. പത്മജയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയപ്പോൾ, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചാണ് സിപിഐഎം നേതാക്കളുടെ പ്രസ്താവനകൾ. ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് ഓർക്കാപ്പുറത്ത് കിട്ടിയ അടിയാണ് പദ്മജാ ഗോപാലിന്റെ ബിജെപി പ്രവേശനം. കോൺഗ്രസ് മൊത്തമായി നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിൽ എന്താണ് ഉറപ്പ് എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരിഹാസം. പുതിയ കോൺഗ്രസിന് ബി.ജെ.പി ആകാൻ ഒരു രാത്രി പോലും വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
പരിഗണന ലഭിക്കാത്തതിനാൽ ആണ് പാർട്ടി വിട്ടത് എന്ന പത്മജയുടെ വാദം കോൺഗ്രസ് നേതാക്കൾ തള്ളി. ബിജെപി പ്രവേശനം ഒരുതരത്തിലും കോൺഗ്രസിനെ ബാധിക്കില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
അധികാരത്തിന്റെ അപ്പക്കഷണങ്ങൾ കാണുമ്പോൾ മറുകണ്ടം ചാടുന്നത് ദൗർഭാഗ്യകരമാണെന്നായിരുന്നു യുഡിഎഫ് കൺവീനർ എം എം ഹസ്സന്റെ പരാമർശം. പത്മജയുടെ പേരെടുത്ത് പറയാതെ ഒരു പൊതു പരിപാടിയിലെ പ്രസംഗത്തിനിടെയാണ് എംഎം ഹസൻ നിലപാട് വ്യക്തമാക്കിയത്. പത്മജയെ തള്ളിപ്പറഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽ തുടരുന്നത് മണ്ടത്തരമെന്ന് എല്ലാവരും തിരിച്ചറിയുന്നു എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.
സിപിഐഎമ്മിനെ നേരിടാൻ ഇനി ബിജെപി മാത്രമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അവകാശവാദം. പത്മജയുടെ ബിജെപി പ്രവേശനത്തെ സിപിഐഎം രാഷ്ട്രീയ ആയുധമാക്കുമ്പോൾ പ്രതിരോധിക്കാൻ കോൺഗ്രസ് പെടാപ്പാടുപെടും.