സര്‍ക്കാര്‍ ജീവനക്കാരുടെ മുടങ്ങിക്കിടന്ന ശമ്പള വിതരണം പൂര്‍ത്തിയായെന്നു ധനവകുപ്പ്. ആറ് ദിവസങ്ങൾക്ക് ശേഷമാണു മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം വിതരണം ചെയ്യാന്‍ സാധിച്ചത്. അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പള വിതരണമാണു പൂര്‍ത്തിയായത്. സാധാരണയായി മൂന്നു ദിവസം കൊണ്ടാണ് ശമ്പള വിതരണം പൂര്‍ത്തിയാക്കുക.
അതേസമയം, ട്രഷറി നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ഈ മാസം ഒന്നിനു ട്രഷറി ഓവര്‍ ഡ്രാഫ്റ്റ് കാലയളവു പിന്നിട്ടതോടെ കേന്ദ്രത്തില്‍നിന്നു നികുതി വിഹിതമായി കിട്ടിയ 2,736 കോടി രൂപയും ഐജിഎസ്ടിയുടെ സെറ്റില്‍മെന്റായി കിട്ടിയ 1,386 കോടി രൂപയും റിസര്‍വ് ബാങ്കിലേക്കു തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതാണു ശമ്പള വിതരണത്തിനു തടസ്സമായത്.