തിരുവനന്തപുരം. പോര്‍ക്കളത്തില്‍ ചുരിക ഒടിഞ്ഞ അവസ്ഥയിലാണ് കോണ്‍ഗ്രസ്. പത്മജാ വേണുഗോപാലിൻ്റെ ബി.ജെ.പി പ്രവേശനം കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് സി.പി.ഐഎം. സാക്ഷാൽ കെ. കരുണാകരന്റെ മകൾ ബിജെപി ക്യാമ്പിൽ എത്തിയതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് വല്ലാതെ വിഷമിക്കുകയാണ്. സുധാകരന്‍റെ ആര്‍എസ്എസ് ശാഖസംരക്ഷണ കഥയും മറ്റും പൊലിപ്പിച്ചിരുന്ന സിപിഎമ്മിന് വലിയൊരു ആയുധമാണ് വീണുകിട്ടിയത്. . ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയമായി പത്മജ വേണുഗോപാൽ മാറുമ്പോൾ കെ. മുരളീധരൻ്റെ നിലപാട് ഉയർത്തിയാവും കോൺഗ്രസിൻ്റെ പ്രതിരോധം. അതിന് അത്ര ശേഷിയുണ്ടോ എന്ന് കോണ്‍ഗ്രസിനുതന്നെ സംശയമാണ്. തല്‍ക്കാലം തലയുടെ മരവിപ്പ് ഒന്നുമാറിയാലേ അടവ് എന്താണെന്ന് ആലോചിക്കാനാവൂ.
നിരവധി മുൻ മുഖ്യമന്ത്രിമാർ, അസംഖ്യം മന്ത്രിമാരും, എം.എൽ.എമാരും കോൺഗ്രസ് ക്യാമ്പിൽനിന്ന് ബിജെപി പാളയത്തിൽ എത്തിയവരുടെ കണക്ക് അങ്ങനെ നീളുകയാണ്. അതെല്ലാം ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ കുഴപ്പമെന്ന ന്യായ വാദമായിരുന്നു ഇന്നലെ വരെയും കേരളത്തിലെ കോൺഗ്രസിന്. ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് വേദിയിലെ പരിപാടിയിൽ പങ്കെടുത്തതിനു ശേഷം, ഇന്നലെ ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്, കേരളത്തിൽ കോൺഗ്രസിനെ പടുത്തുയർത്തിയ സാക്ഷാൽ കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലാണ്. കഴിഞ്ഞദിവസം വരെ ഉയർത്തിയ ന്യായവാദങ്ങൾ കൊണ്ട് ഇനി പ്രതിരോധിക്കാൻ കോൺഗ്രസിനാവില്ല. ഇതിനോടകം എൽഡിഎഫ് കോൺഗ്രസിന്റെ വിശ്വാസ്യ തയെ ചോദ്യം ചെയ്ത് രംഗത്തെത്തി കഴിഞ്ഞു. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നതാണ് എൽ.ഡി.എഫ് ഉയർത്തുന്ന പുതിയ പരിഹാസ മുദ്രാവാക്യം. ഭരണത്തിലെ തകരാര്‍, പെരുകുന്ന കടം, അപക്വമായ ഭരണരീതികള്‍ ,പാര്‍ട്ടിനേതാക്കളുടെ അഹന്ത, എസ്എഫ്ഐ കാട്ടിയ കൊടുമ എന്നിവയിലെല്ലാം മറുപടിമുട്ടിയിരുന്ന സിപിഎമ്മിനു പുത്തന്‍ ഊര്‍ജ്ജമാണ് പത്മജ.
എ.കെ ആന്റണിയുടെ മകൻ അനിൽ ആൻ്റണി കോൺഗ്രസ് വിട്ട് ബി.ജെ.പി പാളയത്തിൽ എത്തിയപ്പോൾ പാർട്ടിയുടെ സജീവ പ്രവർത്തകൻ അല്ലായിരുന്നു എന്നൊരു പ്രതിരോധമുണ്ടായിരുന്നു. പത്മജയുടെ കാര്യത്തിൽ അങ്ങനെയല്ല. ഈ ദശാസന്ധിയെ കോൺഗ്രസ് എങ്ങനെ പ്രതിരോധിക്കും എന്നതാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. പാർട്ടി വിട്ട പെങ്ങളെ തള്ളിപ്പറഞ്ഞ കെ മുരളീധരന്റെ നിലപാട് ഉയർത്തി കോൺഗ്രസ് പ്രതിരോധ ശ്രമം ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനെ ഈ പാർട്ടി മാറ്റം ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസിന്. പത്മജക്ക് ഒരു കാലത്തെ നേതാവിനപ്പുറം പ്രാധാന്യം യുവനിരയ്ക്കില്ലെന്നത് വ്യക്തമാക്കുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. പദവി കിട്ടാത്തതാണ് താന്‍ പാര്‍ട്ടിമാറാനുള്ള കാരണം എന്ന് പത്മജ പറഞ്ഞതുതന്നെ ഒരര്‍ഥത്തില്‍ കോണ്‍ഗ്രസിന് പിടിവള്ളിയാണ്. എന്നാൽ തങ്ങളുടെ കഴിവുകേട് മറയ്ക്കാന്‍ സജീവ ചർച്ചയാക്കി എൽഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ കാലയളവിൽ ഉടനീളം ഈ വിഷയം നിലനിർത്തും. കൂടുതൽ കോൺഗ്രസ് നേതാക്കളെ ഉന്നം വെച്ച് ബിജെപിയുടെ ഓപ്പറേഷൻ താമരയും തുടരുന്നുണ്ട്. കോണ്‍ഗ്രസ് ആലോചിച്ച് പോരാടിയാലേ കേരളം നിലനിര്‍ത്താനാകൂ.
കോണ്‍ഗ്രസില്‍ ആണിയടിച്ച് ഒതുക്കി വച്ചിരിക്കുന്ന നേതാക്കളെ വിളിച്ചുകയറ്റി ബിജെപി എന്തു കാട്ടാനാണെന്ന ആക്ഷേപം വ്യാപകമാണ്. രാത്രിക്കു രാത്രി നിലപാട് മാറുന്ന നേതൃത്വം ആസംഘടനയിലും പ്രശ്നമാകുമെന്ന ട്രോളുകളും പ്രചരിക്കുന്നുണ്ട്. അത് ആവേശം മൂത്ത് ബിജെപിയിലേക്കു പോകുന്ന ഒരു വിഭാഗം വോട്ടുകളെ തിരിച്ചുകൊണ്ടുവരുമെന്ന ആത്മവിശ്വാസം ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.