lതിരുവനന്തപുരം: പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയത് സിപിഎം ആയുധമാക്കുന്നതിനിടെ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് സൂചന. ബിജെപിയുടെ പി.കെ.കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് വീട്ടിലെത്തി സംസാരിച്ചുവെന്നുമാണ് രാജേന്ദ്രന്‍ വെളിപ്പെടുത്തിയത്. പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
“എന്റെ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞു. മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നു എന്നുള്ള പ്രചാരണമുണ്ട്. മുന്‍പ് ഞാന്‍ സിപിഐയില്‍ ചേര്‍ന്നു എന്ന് പറഞ്ഞിരുന്നു. ഇടുക്കിയില്‍ നിന്നുള്ള ഒരു നേതാവ് ഈ പ്രചാരണത്തിന്റെ പിന്നിലുണ്ട്. ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല. ബിജെപി നേതാക്കള്‍ എന്നെ വന്നുകണ്ട് സംസാരിച്ചുവെന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ നേരില്‍ക്കണ്ട് പറഞ്ഞിട്ടുണ്ട്. ഒരുമിച്ച് പോകണം എന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞത്. അതിനുശേഷം ഇപ്പോള്‍ ഒന്നരമാസമായിട്ടും ഒരു നടപടിയും പാര്‍ട്ടി കൈക്കൊണ്ടിട്ടില്ല. അതാണ് വാതിലടയുന്നു എന്ന് ഞാന്‍ പറയാന്‍ കാരണം. വേണമെങ്കില്‍ ഈ പാര്‍ട്ടിയില്‍ നിന്നാല്‍ മതിയെന്ന സമീപനമാണ് ഉള്ളത്.”
“84 മുതല്‍ കാടും മലയും കടന്ന് പാര്‍ട്ടി കെട്ടിപ്പടുത്തതാണ്. എന്നാല്‍ മൈക്കില്‍ കൂടി പ്രസംഗം നടത്തുന്ന ആള്‍, പാര്‍ട്ടിയുടെ മറവില്‍ എന്തും ചെയ്യാമെന്ന് പറഞ്ഞ് പാര്‍ട്ടിയെ കൂട്ടുപിടിച്ച് എനിക്കെതിരെ നടക്കുമ്പോള്‍ എന്നും തോല്‍ക്കാന്‍ എനിക്ക് മനസില്ല. പാര്‍ട്ടിയുടെ മുന്‍പില്‍ ആയിരം വട്ടം തോല്‍ക്കാം. എന്നാല്‍ ഒരു വ്യക്തിയുടെ മുന്‍പില്‍ തോല്‍ക്കാന്‍ മനസില്ല. പക്ഷെ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. അങ്ങിനെ ഒരു നിലപാടിലേക്ക് ഇപ്പോള്‍ പോയിട്ടില്ല. വ്യക്തിഹത്യക്കിരയായ ആളെ വീണ്ടും വീണ്ടും ശിക്ഷിക്കുകയാണ്. എന്റെ നിലപാട് പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി എന്നോട് പ്രവര്‍ത്തിക്കാനാണ് പറഞ്ഞത്. പക്ഷെ സെക്രട്ടറിയുടെ വാക്കിന് ഒരു വില വേണ്ടേ?”-രാജേന്ദ്രന്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് രാജേന്ദ്രനും സിപിഎമ്മും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത്. നിലവിലെ ദേവികുളം എംഎല്‍എ രാജക്ക് എതിരെ രാജേന്ദ്രന്‍ തിരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തിച്ചു എന്ന ആരോപണമാണ് ഉയര്‍ന്നത്. അതിനെ തുടര്‍ന്ന് രാജേന്ദ്രനെ സിപിഎം സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. പാര്‍ട്ടിയില്‍ അതൃപ്തനായി തുടരുന്നതിനിടെയാണ് ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയ കാര്യം രാജേന്ദ്രന്‍ പുറത്തുവിടുന്നത്.