തിരുവനന്തപുരം .കോൺഗ്രസ് നേതൃത്വത്തിനും സഹോദരൻ കെ മുരളീധരനും എതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ. ദേശീയ തലത്തിൽ കോൺഗ്രസിന് ശക്തനായ നേതാവില്ലെന്ന് പത്മജ ആരോപിച്ചു. കെ മുരളീധരൻ ഇന്ന് പറയുന്നത് അല്ല, നാളെ പറയുന്നതെന്നും തന്റെ അനിയനായിരുന്നു കെ മുരളീധരനെങ്കിൽ വർക്ക് അറ്റ് ഹോം പ്രയോഗത്തിൽ അടി കൊടുത്തേനെയെന്നും പത്മജാ വേണുഗോപാൽ മാരാർജി ഭവനിൽ പറഞ്ഞു. പത്മജയ്ക്ക് കെ മുരളീധരനെക്കാളും അനുഭവ സമ്പത്തും രാഷ്ട്രീയ ബോധവും ഉണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പത്മജ വേണുഗോപാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഭർത്താവ് ഡോ. എം വേണുഗോപാല്‍ വ്യക്തമാക്കി.
ബിജെപി പ്രവേശനത്തിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയ പത്മജ വേണുഗോപാലിന് പ്രവർത്തകർ സ്വീകരണം നൽകി. പാർട്ടിയുടെ പുതിയ സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിലെ ആദ്യ വാർത്താ സമ്മേളനം പത്മജ വേണുഗോപാലിന്റേത്. ഇന്ദിരാഭവനും മാരാർജി ഭവനും തന്റെ കുടുംബം എന്ന് പത്മജയുടെ ആമുഖം . കോൺഗ്രസ് നേതൃത്വത്തിനും സഹോദരൻ കെ മുരളീധരനും എതിരെ രൂക്ഷവിമർശനവുമായി പുതിയ ലാവണത്തിലെ തൻ്റെ രാഷ്ട്രീയ നയം പത്മജ വ്യക്തമാക്കി.
ടിവിയിൽ ഇരുന്ന് നേതാവായ രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചത് തൻറെ മാതാവിനെ എന്നും രാഹുലിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ .എങ്ങനെയാണ് രാഹുൽ ജയിലിൽ കിടന്നതെന്നും അതിന് പിന്നിലെ കഥകൾ എന്താണെന്നും തനിക്കറിയാം. തന്നെക്കൊണ്ട് തോണ്ടി തോണ്ടി ഓരോന്ന് പറയിപ്പിക്കരുത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്മജ താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പത്മജയെ പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്
കഴിവുള്ളവർക്ക് ബിജെപി അവസരം നൽകാറുണ്ടെന്ന് മറുപടി.
എന്നാല്‍ പത്മജ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് ഭർത്താവ് ഡോ. എം വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിലുള്ള മുൻ ഐപിഎസ് ഓഫീസർക്ക് പത്മജയുടെ ബിജെപി പ്രവേശനത്തിൽ ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശം തള്ളി കൊച്ചി മെട്രോ എം ഡി കൂടിയായ ലോക്നാഥ് ബഹ്റ രംഗത്ത് എത്തി.