ഇടുക്കി. മൊത്തത്തില്‍ ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് കട്ടപ്പനയിൽ മോഷണക്കേസിൽ അറസ്റ്റിലായ വിഷ്ണുവിനും നിതീഷിനും എതിരെ ഉയരുന്നത്. ഇവർ ഇരട്ടക്കൊലപാതകം നടത്തിയെന്ന് പോലീസിന്റെ സംശയത്തിന് പിന്നാലെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. ഇതിന് കൃത്യമായ ഉത്തരം കണ്ടെത്തേണ്ടതാണ് വെല്ലുവിളി.
വിഷ്ണുവിന്റെ സഹോദരിയും നിതീഷും തമ്മിലുള്ള ബന്ധത്തിലാണ് 2016-ൽ കുട്ടി ജനിക്കുന്നത്. ദിവസങ്ങൾ പിന്നിട്ടതോടെ പൂജാരിയായ നിതീഷ് കുട്ടിയെ ഗന്ധർവന് നൽകണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന് പൂജയുടെ ഭാഗമായി കുട്ടിയെ നിതീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് വിഷ്ണുവിന്റെ മാതാവിൽ നിന്നും സഹോദരിയിൽ നിന്നും പോലീസിന് ലഭിച്ച വിവരം. കട്ടപ്പന നഗരത്തോട് ചേർന്നുള്ള വിഷ്ണുവിന്റെ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ് ഈ സംഭവം.
തുടർന്ന് ഒരു കോടിയിലധികം രൂപയ്ക്ക് ഈ വീട് വിൽക്കുന്നു. ഈ പണവുമായി വിഷ്ണുവിൻറെ കുടുംബവും ഒപ്പം നിതീഷും ഒന്നിലധികം വാടക വീടുകളിൽ താമസിച്ചു. ഒടുവിലാണ് കാഞ്ചിയാറ്റിലെ വീട്ടിൽ എത്തുന്നത്. 2023 ആഗസ്റ്റിൽ ഈ വീട്ടിൽ വച്ച് വിഷ്ണുവിന്റെ പിതാവ് വിജയൻ കൊല്ലപ്പെട്ടു എന്നാണ് സംശയം. കൂടാതെ കട്ടപ്പനയിലെ സ്ഥലംവിറ്റ വലിയ ഒരു തുകയും കാണാതായിട്ടുണ്ട്.
മാർച്ച് രണ്ടിന് വിഷ്ണുവും, നിതീഷും മോഷണക്കേസിൽ പിടിയിലായതിന് പിന്നാലെ അന്വേഷണം ഉദ്യോഗസ്ഥനായ കട്ടപ്പന എസ്ഐ ഇവരുടെ വാടകവീട്ടിൽ പരിശോധനയ്ക്ക് എത്തുന്നു. ഇവിടെ കണ്ട കാഴ്ചകളാണ് പോലീസിനെ കൂടുതൽ സംശയങ്ങളിലേക്ക് നയിച്ചത്.
വീടിനുള്ളിൽ മന്ത്രവാദത്തിന് തയ്യാറാക്കിയതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കളങ്ങളും, സാമഗ്രികളും കണ്ടെടുത്തി. ശൂന്യമായ മറ്റൊരു മുറിയുടെ തറ സമീപകാലത്ത് കുത്തിപ്പൊളിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇത് മോഷണം മുതലുകൾ ഒളിപ്പിക്കാൻ വേണ്ടി ആയിരിക്കില്ല എന്ന് തന്നെയാണ് പോലീസിന്റെ നിഗമനം. വാടകയ്ക്ക് കൊടുത്തതിനുശേഷം ഉള്ള നിർമ്മാണ പ്രവർത്തനമാണിതെന്ന് വീട്ടുടമസ്ഥ സ്ഥിരീകരിച്ചു. സാഹചര്യ തെളിവുകളും വിഷ്ണുവിന്റെ മാതാവിൻറെയും സഹോദരിയുടെയും മൊഴികളും കുട്ടി വായിച്ചതോടെ പോലീസിന്റെ സംശയം കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്. നിലവിൽ പോലീസ് ഇതിൽ യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല. സംശയങ്ങൾ മാത്രമാണ് ഈ നിമിഷം വരെ ഉള്ളത്.