ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തില്‍ സിപിഎമ്മില്‍ കലഹം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്നവരെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കാതെ മാറി നില്‍ക്കാനും അഞ്ചോളം ബ്രാഞ്ച് കമ്മിറ്റികള്‍ തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ കമ്മിറ്റിയുടെ തീരുമാനം റിപ്പോര്‍ട്ട് ചെയ്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലും തര്‍ക്കമുണ്ടായെന്നാണ് സൂചന. മുന്‍ പ്രവര്‍ത്തകരെയും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെയും ഏര്യ കമ്മിറ്റിയിലും വിവിധ ലോക്കല്‍ കമ്മിറ്റികളിലും ഉള്‍പ്പെടുത്തിയതാണ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
രണ്ട് വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്ത്ഥികളുടെ പരാജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച പ്രവര്‍ത്തകനെ മുന്നണി മര്യാദയുടെ പേരില്‍ സിപിഐ പുറത്താക്കിയപ്പോള്‍ സിപിഎം ഇയാളെ ലോക്കല്‍ കമ്മിറ്റിയിലേക്ക് ആനയിച്ച് സ്വീകരിച്ചതാണ് അസ്വാരസ്യമുണ്ടാക്കിയത്. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തി.
പാര്‍ട്ടിയില്‍ സജീവമായിരുന്ന കാലത്ത് പോലും ലഭിക്കാത്ത സ്ഥാനങ്ങള്‍ സിപിഎം വിരുദ്ധ നിലപാടുമായി കഴിഞ്ഞ മുന്‍പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. പാര്‍ട്ടി അംഗങ്ങളുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് പരാതിയുണ്ട്. സാമ്പത്തിക ക്രമക്കേടും മറ്റ് ആരോപണങ്ങളും നേരിടുന്നവരെ അടക്കം പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുത്തിയ നടപടി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്.
പാര്‍ട്ടി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെ പ്രതിഷേധിച്ചതോടെ ഏര്യ നേതാക്കള്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല.