ദേശീയ വിദ്യാഭ്യാസ നയം സാമൂഹ്യനീതി അട്ടിമറിക്കും:സുഭാഷിണി അലി

Advertisement

തിരുവല്ല: ദേശീയ വിദ്യാഭ്യാസനയം
ഭാരതത്തിൽ നിലനില്ക്കുന്ന സാമൂഹ്യനീതിയും ലിംഗസമത്വവും അട്ടിമറിക്കുവാൻ മാത്രമേ ഉപകരിക്കുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അം​ഗം സുഭാഷിണി അലി പറഞ്ഞു. എകെപിസിടിഎ 66-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൂർണ്ണമായും തകർക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്.
രാജ്യത്തെ 60 ശതമാനത്തോളം ജനങ്ങൾക്ക് ഇന്നും അടിസ്ഥാന വിദ്യാഭ്യാസം വേണ്ട രീതിയിൽ ലഭിക്കുന്നില്ല. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വന്തം കെട്ടിടം പോലും ഇല്ല. മരച്ചുവടുകളിലാണ് ഇപ്പോഴും ക്ലാസ്സുകൾ നടക്കുന്നത്. അവിടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളെ കേന്ദ്രം പ്രോത്സാഹിപ്പിക്കുകയാണെന്നും അത്തരം സ്ഥാപനങ്ങളില്‍ പരീക്ഷകൾ നടത്തുന്നതും വിദ്യാർഥികളെ വിജയിപ്പിക്കുന്നതും സ്വകാര്യ മാനേജ്മെന്റിന്റെ താല്പര്യമനുസരിച്ചുമാണെന്നും സുഭാഷിണി അലി പറഞ്ഞു.
ഏതാനും വർഷങ്ങൾക്കുള്ളിൽ 72,000 ഓളം സർക്കാർ സ്കൂളുകളാണ് പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി പൂട്ടിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തുന്നുമില്ല.
ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ രീതിയെന്നുംഇത് സംരക്ഷിച്ചേ മതിയാകുവെന്നും അവർ പറഞ്ഞു. അധ്യാപകര്‍ അവരുടെ സേവന വേതന വ്യവസ്ഥകള്‍ സംരിക്ഷിക്കുന്നതിനൊപ്പം ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നീ മൂല്യങ്ങള്‍ സംരക്ഷിക്കാനും പോരാടണമെന്ന് സുഭാഷിണി അലി പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ കുട്ടികളെ വേർതിരിച്ചു കാണുന്ന സമ്പ്രദായം വിദ്യാഭ്യാസ മേഖലയിലും കേന്ദ്രസര്‍ക്കാര്‍ അടിച്ചേൽപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.എല്ലാവർക്കും വിദ്യാഭ്യാസം എന്ന പൊതുലക്ഷ്യവും ശാസ്ത്രീയ ചിന്താഗതികളും ഇല്ലായ്മ ചെയ്യുവാനുള്ള എല്ലാ പരിശ്രമങ്ങളെയുംഒന്നിച്ച് നിന്ന് പരാജയപ്പെടുത്തണമെന്നും അവർ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ‍ഡോ. കെ ബിജുകുമാര്‍ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ
മന്ത്രി ആർ ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,
സ്വാഗത സംഘം ചെയർമാൻ പി ബി ഹർഷകുമാർ, എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എ നജീബ്, പി കെ മുരളീധരൻ,ഡോ: സന്തോഷ് വർഗ്ഗീസ്,ഡോ. എ പ്രേമ, കെ എൻ ടി ഇ ഒ സെക്രട്ടറി ഡോ.വൈ ഓസ്ബോ, ഡോ.എസ് സോജു എന്നിവർ പ്രസംഗിച്ചു.

വൈകിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തൂരിൽ നിന്നാരംഭിച്ച പ്രകടനം തിരുവല്ല സെൻട്രൽ ജംഗ്ഷൻ വഴി നഗരസഭാ മൈതാനിയിൽ സമാപിച്ചു. സി പി എം പിബി അംഗം എം എ ബേബി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.മുൻ ധനകാര്യ മന്ത്രിയും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുമായ ഡോ.റ്റി.എം തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി.