താരപ്രഭ ചോരാതെ അനന്തപുരി

Advertisement

തിരുവനന്തപുരം .സിനിമയല്ലെങ്കിലും രാജ്യത്തെ താരപ്രഭയുള്ള മണ്ഡലമാണ് കേരള തലസ്ഥാനം . തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ കൂടി ഇന്ന് എത്തുന്നതോടെ വീറും വാശിയും നിറയും. നേരത്തേ പ്രചരണ രംഗത്ത് കളം പിടിച്ച പന്ന്യൻ രവീന്ദ്രനും രാജീവ് ചന്ദ്രശേഖരനുമൊപ്പം ഓടിയെത്തുകയാണ് തരൂരിന് മുൻപിലുള്ള വെല്ലുവിളി.

പതിവുപോലെതന്നെ , മേഘപ്പൊക്കത്തില്‍ നിന്നും മണ്ണിലെത്താന്‍ തരൂര്‍ സമയം പിടിക്കും. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് രണ്ടു ദിവസമായെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മണ്ഡലത്തിലെത്തിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ മണ്ഡലത്തിലെത്തുന്ന ശശി തരൂർ നാളെയോടെ പ്രചരണം ആരംഭിക്കും എന്നാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ അറിയിപ്പ്. എൽ.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം പ്രചരണത്തിൽ ഓടിയെത്താനാവും ഇനി യു.ഡി.എഫ് ക്യാമ്പിൻ്റെ ശ്രമം. നേരത്തെ തന്നെ ചുവരെഴുത്തുകൾ ആരംഭിച്ചതും, എംപി എന്ന നിലയിലെ 15 വർഷത്തെ ഇടപെടലും കൊണ്ട് അതിനെ മറികടക്കാം എന്നാണ് യു.ഡി.എഫ് ക്യാമ്പിൻ്റെ പ്രതീക്ഷ.കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായ മണ്ഡലം തിരികെ പിടിക്കാൻ എൽ .ഡി .എഫ് ഇതിനകം അരയും തലയും മുറുക്കി രംഗത്തുണ്ട്. മണ്ഡലത്തിലെ മുൻ എംപിയും, ജനകീയനുമായ പന്ന്യൻ രവീന്ദ്രൻ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു റൗണ്ട് പര്യടനം പൂർത്തിയാക്കി കഴിഞ്ഞു. മുന്നണിയുടെ കരുത്ത് അറിയിക്കുന്ന റോഡ് ഷോകളും വോട്ടാകുമെന്നാണ് പ്രതീക്ഷ.

സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ പിറ്റേദിവസം മുതൽ പ്രചരണ രംഗത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കളം പിടിച്ചിരുന്നു. കേന്ദ്ര മന്ത്രിയെന്ന ഗ്ലാമറും, മണ്ഡലത്തിലെ ബിജെപിക്കുള്ള സ്വാധീനവും വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞതവണത്തെ രണ്ടാം സ്ഥാനം ഇത്തവണ ഒന്നാക്കി മാറ്റാൻ വിട്ടുവീഴ്ചയില്ലാത്ത പ്രചരണമാണ് ബിജെപി നടത്തുന്നത്. ഒരുപക്ഷേ ഏറ്റവും പ്രതീക്ഷ നല്‍കുന്ന സ്ഥാനാര്‍ഥിയായി മാറാനും ചുരുങ്ങിയ നാളുകൊണ്ട് രാജീവ് ചന്ദ്രശേഖറിനായി.